സ്വർണ്ണക്കടത്ത് എൻഫോഴ്സ്മെന്റ് കേസ് ; സ്വപ്‌നയ്ക്ക് ജാമ്യം; പക്ഷേ പുറത്തിറങ്ങാൻ സാധിക്കില്ല

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്‌ ‌കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സ്വപ്‌നയ്ക്ക് ജാമ്യം അനുവദിച്ചത്.

അറുപത് ദിവസത്തിനുള്ളില്‍ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിക്കാതിരുന്ന സാഹചര്യത്തില്‍ തനിക്ക് സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നു സ്വപ്ന കോടതിയില്‍വാദിച്ചിരുന്നു. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചില്ല എന്നത് സാങ്കേതിക വാദം മാത്രമാണെന്നും സ്വപ്‌നയ്ക്ക് ഉന്നതലബന്ധങ്ങള്‍ ഉള്ളതിനാല്‍ അന്വേഷണം തുടരേണ്ടതുള്ളതുകൊണ്ട് ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് വാദിച്ചത്. ഈ ഘട്ടത്തില്‍ സ്വപ്നയെ പുറത്തുവിടരുതെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യം.

സ്വപ്‌നയുടെ വാദം കോടതി അംഗീകരിച്ചു എന്നാണ് ജാമ്യം നല്‍കികൊണ്ടുള്ള ഉത്തരവ് വ്യക്തമാക്കുന്നത്. അതേസമയം കസ്റ്റംസ് കോഫപോസ ചുമത്തിയിരിക്കുന്നതിനാല്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ ജാമ്യം ലഭിച്ചെങ്കിലും സ്വപ്‌നയ്ക്ക് പുറത്തിറങ്ങാന്‍ സാധിക്കില്ല. എന്‍ ഐ എയുടെ കേസില്‍ സ്വപ്‌നയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച്ച കോടതി പരിഗണിക്കും. നേരത്തെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌നയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.