എതിർപ്പ് ശക്തമായി ; ഒടുവിൽ പുതിയ വ്യാഖ്യാനവുമായി ഇടവേള ബാബു; നടി ഭാവനയെ പരിഹസിച്ചിട്ടില്ല

കൊച്ചി: ട്വന്റി ട്വന്റി സിനിമയില്‍ ഭാവനയുടെ കഥാപാത്രം മരിക്കുന്നുണ്ട്, മരിച്ച ഒരാളെ രണ്ടാം ഭാഗത്തില്‍ എങ്ങനെ അഭിനയിപ്പിക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് പുതിയ വ്യാഖ്യാനവുമായി ഇടവേള ബാബു

നടി ഭാവനയെ പരിഹസിച്ചിട്ടില്ലെന്ന് നടന്‍ ഇടവേള ബാബു. അഭിമുഖത്തില്‍ താന്‍ നടത്തിയ വാക്കുകള്‍ വളച്ചൊടിച്ചതാണ്. അമ്മ നിര്‍മ്മിക്കുന്ന പുതിയ സിനിമയില്‍ ഭാവന ഉണ്ടാകില്ലെന്ന് പറഞ്ഞതിനെ ഒരു വിഭാഗം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റി ട്വന്റി സിനിമയില്‍ ഭാവനയുടെ കഥാപാത്രം മരിക്കുന്നുണ്ട്. മരിച്ച ഒരാളെ രണ്ടാം ഭാഗത്തില്‍ എങ്ങനെ അഭിനയിപ്പിക്കുമെന്നാണ് താന്‍ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത്.

ഭാവന അമ്മയിലെ അംഗമല്ലാത്തതും അഭിനയിപ്പിക്കാന്‍ തടസമാണെന്നും ഇടവേള ബാബു പറഞ്ഞു.
എന്നാല്‍ ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്‌ നടി പാര്‍വതി അമ്മ സംഘടനയില്‍ നിന്ന് രാജിവച്ചിരുന്നു.ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാള്‍ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകള്‍ ഒരിക്കലും തിരുത്താനാവില്ല.
ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളതെന്നും നടി പാര്‍വ്വതി പറഞ്ഞിരുന്നു.

താരസംഘടനയായ ‘അമ്മ’യില്‍ നിന്ന് രാജിവച്ച നടി പാര്‍വതി തിരുവോത്തിന് പിന്തുണയുമായി സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരന്‍ തമ്പിയും രംഗത്തെത്തിയിരുന്നു ഫേസ്ബുക്കിലാണ് ശ്രീകുമാരന്‍ തമ്പി പാര്‍വതിക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.അമ്മ എന്ന താരസംഘടനയില്‍ നിന്ന് ഈയവസരത്തില്‍ രാജി വെയ്ക്കാന്‍ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാര്‍വതിയെ അഭിനന്ദിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. കുറിപ്പില്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ രൂക്ഷവിമര്‍ശനവും ഉന്നയിക്കുന്നുണ്ട്.

ഒട്ടും അര്‍ഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ ‘എക്സ്ട്രാ നടന്‍’ എന്നാണ് ഇടവേള ബാബുവിനെ കുറിപ്പില്‍ ശ്രീകുമാരന്‍ തമ്പി വിശേഷിപ്പിച്ചത്. വേണമെങ്കില്‍ പാര്‍വതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിര്‍ത്തിയതാണ് പാര്‍വതിയുടെ മേന്മ. തല്‍പ്പരകക്ഷികളുടെ എതിര്‍പ്പു മൂലം ഭൗതികനഷ്ടങ്ങള്‍ ഉണ്ടായേക്കാം. എന്നിട്ടും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയില്‍ നിന്നാണ് യഥാര്‍ത്ഥസ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികള്‍ തിരിച്ചറിയേണ്ടതെന്നും അദ്ദേഹം കുറിച്ചു.