പാര്‍ട്ടിക്ക് ദ്രോഹം ചെയ്തിട്ടില്ല; ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയതിൽ വേദന;സി കെ നാണു

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയ കേന്ദ്ര നേതൃത്വത്തിന്റെ നടപടിയില്‍ പ്രതികരണവുമായി ജെഡിഎസ് നേതാവും എംഎല്‍എയുമായ സി കെ നാണു. സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ പാര്‍ട്ടിക്ക് ദ്രോഹം ചെയ്തിട്ടില്ലെന്നും ഏല്‍പ്പിച്ച ചുമതലകള്‍ നിറവേറ്റിയെന്നും നാണു മാധ്യമങ്ങളോട് പറഞ്ഞു. പ്രവര്‍ത്തകനെന്ന നിലയില്‍ നടപടി അംഗീകരിക്കുന്നു. എന്നാല്‍ നടപടിയില്‍ വേദനയുണ്ടെന്നും നാണു പറഞ്ഞു.

സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും മാത്യു ടി തോമസ് ആഗ്രഹിച്ചിരുന്നെങ്കില്‍ അധ്യക്ഷനാക്കാമായിരുന്നു എന്നും നാണു പ്രതികരിച്ചു.

പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് സി കെ നാണുവിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കി സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. മാത്യു ടി തോമസിനെ പ്രസിഡന്റാക്കി പുതിയ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചതായി ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ അറിക്കുകയായിരുന്നു. കേന്ദ്ര കമ്മിറ്റിയുമായി ആലോചിക്കാതെ സി കെ നാണു എടുത്ത ഏകപക്ഷീയ തീരുമാനങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കി എന്നും ദേവഗൗഡ പറഞ്ഞിരുന്നു.

മാത്യു ടി തോമസ് അധ്യക്ഷനും ജോസ് തെറ്റയില്‍ ഉപാധ്യക്ഷനുമായ കമ്മിറ്റിയില്‍ സി കെ നാണുവിന് ഒരു പദവിയുമില്ല. ജമീല പ്രകാശം, ബെന്നി മൂഞ്ഞേലി, വി.മുരുകദാസ്, ബിജിലി ജോസഫ് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഷാ (ട്രഷറര്‍) എന്നിവരടങ്ങുന്നതാണ് പുതിയ സംസ്ഥാന സമിതി.

സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ചന്ദ്രകുമാറിനെയും കോട്ടയം ജില്ലാ പ്രസിഡന്റായി മാത്യു ജേക്കബിനെയും നിയമിച്ചത് റദ്ദാക്കണമെന്ന് കേന്ദ്ര നേതൃത്വം നാണുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഏകപക്ഷീയമായി കേന്ദ്ര നേതൃത്വം നിര്‍ദേശങ്ങള്‍ അടിച്ചേല്‍പിക്കരുതെന്ന് നാണു ആവശ്യപ്പെട്ടു. സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസ് 15 ന് സംസ്ഥാന സമിതി യോഗം വിളിച്ചതോടെയാണു ഗൗഡ ഇടഞ്ഞത്. നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കിയ ശേഷം സമിതി ചേര്‍ന്നാല്‍ മതിയെന്ന ഗൗഡയുടെ അന്ത്യശാസനത്തിന് നാണു വഴങ്ങിയില്ല.

മന്ത്രി കെ കൃഷ്ണന്‍കുട്ടിയും എ നീലലോഹിതദാസും നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേന്ദ്ര ഇടപെടല്‍. കൃഷ്ണന്‍കുട്ടി നാണു വിഭാഗങ്ങളുടെ പോരില്‍ പക്ഷം പിടിക്കാതെ നില്‍ക്കുകയായിരുന്ന മാത്യു ടി തോമസിനു പ്രസിഡന്റ് പദവി വീണ്ടും ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. ഗൗഡ കര്‍ശന നിലപാട് എടുത്തതോടെ അദ്ദേഹം സമ്മതം മൂളുകയായിരുന്നു.