തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനക്കാര്‍ക്ക് കിട്ടിയ തിരിച്ചടിയാണ് കോടതി വിധിയെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി സിബിഐയെ ഉപയോഗിക്കുന്ന കേന്ദ്ര നിലപാടിനുള്ള തിരിച്ചടി കൂടിയാണ് ഹൈക്കോടതി വിധി. കേരള സര്‍ക്കാരിന്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞു. കേരളത്തിലെ മികവാര്‍ന്ന ഭവന നിര്‍മ്മാണ പദ്ധതിയെ അട്ടിമറിക്കാനുള്ള ഗൂഡാലോചന പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ആരോപിച്ചു.
സംസ്ഥാന സര്‍ക്കാരിന് ഇതുമായി ഉന്നയിക്കപ്പെട്ട ഏതെങ്കിലും ആക്ഷേപവുമായി ബന്ധമില്ല. അത് സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുടെ പുറത്തുനടന്ന കാര്യം എന്നതാണ് കോടതി വിധിയിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. വിദേശ കറന്‍സി നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ലംഘനം ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. സര്‍ക്കാരിന്റെ ഈ വാദവും അംഗീകരിച്ചിരിക്കുകയാണ്.
ഒരു ഘട്ടത്തിലും വിജിലന്‍സ് അന്വേഷണം നടത്തുന്നതില്‍ വിമുഖത ആരും പ്രകടിപ്പിച്ചിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ, ഇതു സംബന്ധിച്ച് ആക്ഷേപം ഉണ്ടെങ്കില്‍ ആര്‍ക്കും പരാതി നല്‍കാം. ആക്ഷേപം ലഭിച്ചാല്‍ അന്വേഷണം നടത്തുമെന്നു തന്നെയാണ് സൂചിപ്പിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ ദൈനംദിന പരിപാടിക്ക് പുറത്തുനടന്ന സംഭവമാണ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടവരുടെ ലക്ഷ്യവും രാഷ്ട്രീയമാണ്. അത് മുഖവിലയ്ക്ക് എടുക്കേണ്ട കാര്യമില്ലെന്ന് എ വിജയരാഘവന്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ അസത്യപ്രചരണം നടത്തിക്കൊണ്ടിരിക്കുന്ന പ്രതിപക്ഷത്തിനെ ഒരു സംഘം മാധ്യമങ്ങളും പിന്തുണച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ക്കു കൂടി കിട്ടിയ തിരിച്ചടിയാണ് കോടതി വിധിയെന്നും എ വിജയാഘവന്‍ പറഞ്ഞു.