തിരുവനന്തപുരം: ഡെന്‍മാര്‍ക്ക് യുവതിയെ പ്രണയം നടിച്ച് ഗര്‍ഭിണിയാക്കി പണം തട്ടിയെടുത്തതായി മലയാളി യുവാവിനെതിരെ പരാതി. ഇടക്കൊച്ചി സ്വദേശി തസ്ലീം മുബാറക്ക് ഒന്നരക്കോടി രൂപ തട്ടിയെടുത്തതായാണ് യുവതിയുടെ പരാതി. ഡെന്‍മാര്‍ക്ക് എംബസി മുഖാന്തരം മുഖ്യമന്ത്രിയ്ക്ക് യുവതി പരാതി നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് തസ്ലീം മുബാറക്ക് തമിഴ് വംശജയും ഡെന്‍മാര്‍ക്കിലെ ഡോക്ടറുമായ യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് ഇന്ത്യയിലും വിദേശത്തുമായി പരസ്പ്പരം കാണുകയും പലപ്പോഴായി തസ്ലീം ഒന്നരക്കോടിയോളം രൂപ തട്ടിയെടുക്കുകയും ചെയ്തതായാണ് പരാതി.
യുവതി ഗര്‍ഭിണിയായ ശേഷം നാട്ടിലേക്ക് മടങ്ങിയ തസ്ലീം പിന്നീട് തിരികെ വന്നിട്ടില്ല. പലപ്പോഴായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് അറിഞ്ഞത്. ചെന്നെയില്‍ വെച്ച് തസ്ലീം തന്നെ വിവാഹം ചെയ്തിട്ടുണ്ടെന്നും യുവതി പറയുന്നു.
തസ്ലീമിനെ തേടി ഇന്ത്യയിലെത്തിയാല്‍ ആസിഡ് ആക്രമണം നടത്തുമെന്നും, സ്വകാര്യ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. എംബസി മുഖാന്തരം മുഖ്യമന്ത്രിയ്ക്ക് ഇ-മെയിലിലൂടെ യുവതി പരാതി നല്‍കി. എറണാകുളം പള്ളുരുത്തി പൊലീസ് സ്റ്റേഷനില്‍ തസ്ലീമിനെതിരെ കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കേസ് ഒതുക്കി തീര്‍ക്കുന്നതിനായി രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്നും ആരോപണമുണ്ട്.