വാഷിംഗ്ടണ്‍: ജോണ്‍സണ്‍ ആൻ്റ് ജോണ്‍സണ്‍ കമ്പനി മനുഷ്യരിലുള്ള കൊറോണ വാക്സിന്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വാക്സിന്‍ പരീക്ഷിച്ച ഒരാള്‍ക്ക് അവശത അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പരീക്ഷണം താൽകാലികമായി നിര്‍ത്തി വെച്ചത്. അതേസമയം, കൊറോണ വന്നുപോകട്ടെയെന്ന തരത്തിലുള്ള മനോഭാവം അപകടകരമാണെന്നും, മുന്‍കരുതല്‍ വേണമെന്നും ശക്തമായ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്തെത്തി.
”ഞങ്ങള്‍ താല്‍ക്കാലികമായി മനുഷ്യരിലെ കൊറോണ വാക്സിന്‍ പരീക്ഷണം നിര്‍ത്തിവയ്ക്കുകയാണ്. മൂന്നാംഘട്ടത്തിലുള്ള എൻ സെംബിൾ (ENSEMBLE) പരീക്ഷണവും നിര്‍ത്തിവയ്ക്കുന്നു. പരീക്ഷണത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് അവശത കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്”, കമ്പനി അറിയിച്ചു.
വാക്സിന്‍ പരീക്ഷണത്തിന് 60,000 പേരെ ക്ഷണിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ സംവിധാനവും കമ്പനി പിന്‍വലിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 200 ഇടങ്ങളില്‍ നിന്ന് അറുപതിനായിരം പേരെ തെരഞ്ഞെടുത്ത് പരീക്ഷണം നടത്താനാണ് കമ്പനി തീരുമാനിച്ചിരുന്നത്. പരീക്ഷണം നടത്തുന്ന മറ്റ് രാജ്യങ്ങള്‍ അര്‍ജന്‍റീന, ബ്രസീല്‍, ചിലി, കൊളംബിയ, മെക്സിക്കോ, പെറു, ദക്ഷിണാഫ്രിക്ക എന്നിവയാണ്.