ഹത്രാസ് പീഡനക്കേസ്; അന്വേഷണ രേഖകൾ കൈപ്പറ്റാൻ സിബിഐ സംഘമെത്തി

ലക്നൗ: ഹത്രാസിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ഹത്രാസിലെത്തി. ഈ കേസ് ഇതുവരെ അന്വേഷിച്ചിരുന്ന ഉത്തർപ്രദേശ് പോലീസിൽ നിന്നും കേസ് അന്വേഷണ രേഖകൾ കൈപ്പറ്റാനാണ് സിബിഐ ടീമിന്റെ സന്ദർശനം. പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട്ടും കേസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരും ജില്ലാ പോലീസ് അധികാരികളും ചേർന്ന് പരിശോധിക്കും.

കേസ് സിബിഐക്ക് വിടാനുള്ള ഉത്തരവിനു തൊട്ടുപിറകെ, ഇന്ത്യൻ ശിക്ഷാനിയമം 376 ഡി, 307, 302, കീഴ്ജാതിക്കാർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്ന വിവിധ വകുപ്പുകൾ എന്നിവയെല്ലാം ചേർത്ത് ഞായറാഴ്ചയാണ് സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തത്. കേസ് അന്വേഷിക്കാൻ സി.ബി.ഐ പ്രത്യേക ടീം രൂപീകരിച്ചിട്ടുണ്ട്.

അതേസമയം, ഹത്രാസിലേക്ക്‌ പോകും വഴിക്ക് അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന് സിദ്ദിഖ് കാപ്പന് ജാമ്യത്തിനായി അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാൻ കേരള പത്രപ്രവര്‍ത്തക യൂണിയനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കെ യു ഡബ്ള്യു ജെ നൽകിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളാതെ നിലനിര്‍ത്തായാണ് ഹൈക്കോടതിയിൽ ജാമ്യ ഹര്‍ജി നൽകാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശം.