കോൺഗ്രസ്സിൽ നിന്നും രാജിവച്ച നടി ഖുശ്‌ബു ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: കോൺഗ്രസ്സിൽ നിന്നും രാജിവച്ച നടിഖുശ്‌ബു ബിജെപിയിൽ ചേർന്നു. ഡെൽഹിയിൽ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഖുശ്ബു ബിജെപിയിൽ ഔദ്യോഗികമായി അംഗത്വമെടുത്തു. സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറിയും കേന്ദ്ര മന്ത്രിയുമായ സിടി രവിയിൽനിന്നാണ് അവർ അംഗത്വമെടുത്തത്.

ഇന്ന് രാവിലെയാണ് ഖുശ്ബു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നൽകിയത്. പിന്നീട് അവരെ എഐസിസി ദേശീയ വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കിയതായി എഐസിസി പ്രഖ്യാപിച്ചു. രാവിലെതന്നെ ഖുശ്ബു ഡെൽഹിയിൽ എത്തിയിരുന്നു. അവർ ഇന്നുതന്നെ ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ നിലനിന്നിരുന്നു.

പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നെങ്കിലും തനിക്ക് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ഖുശ്ബു സോണിയാ ഗാന്ധിക്ക് രാജിക്കത്ത് നൽകിയത്. അടിസ്ഥാന യാഥാർഥ്യങ്ങളുമായി ബന്ധമില്ലാത്ത, ജനസമ്മതിയില്ലാത്ത ചിലരാണ് പാർട്ടിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന തന്നേപ്പോലുള്ളവർ തഴയപ്പെടുന്നെന്നും അവർ രാജിക്കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.

അടുത്തിടെയായി കോൺഗ്രസ് തമിഴ്‌നാട് ഘടകവുമായി അവർ അകന്ന് കഴിയുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തത് സംബന്ധിച്ചും ഖുശ്ബുവിന് അതൃപ്തിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പാർട്ടി വിടുന്ന കാര്യം സൂചിപ്പിച്ച് ഒരു ട്വീറ്റ് ചെയ്തിരുന്നു. പലരും എന്നിൽ ഒരു മാറ്റം ആഗ്രഹിക്കുന്നു. ധാരണകൾ മാറുകയാണ്. ചിന്തകൾക്കും ആശയങ്ങൾക്കും പുതിയ രൂപം എടുക്കുകയാണ്. മാറ്റം അനിവാര്യമാണെന്നും ഖുശ്ബു ട്വീറ്റിൽ കുറിച്ചിരുന്നു. അടുത്ത വർഷം തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖുശ്ബുവിന്റെ പുതിയ നീക്കം.