കാർലോ അക്യൂട്ടീസ്; വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേ ആദ്യ കമ്പ്യൂട്ടര്‍ പ്രതിഭ

വത്തിക്കാൻ സിറ്റി: വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ പതിനഞ്ചാം വയസ്സില്‍ അന്തരിച്ച കാര്‍ലോ അക്യൂട്ടിസ്. ഈ നൂറ്റാണ്ടില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തിയവരില്‍ പ്രായം കുറഞ്ഞയാളും ആദ്യ കമ്ബ്യൂട്ടര്‍ പ്രതിഭയുമാണ്. കാര്‍ലോ അന്ത്യവിശ്രമം കൊള്ളുന്ന അസീസിയിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ബ്രസീലില്‍ ഒരു ബാലന്‍ രോഗസൗഖ്യം നേടിയത് കാര്‍ലോയുടെ മധ്യസ്ഥതയിലാണെന്ന് സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

കമ്ബ്യൂട്ടര്‍ ജീനിയസ് ആയിരുന്ന കാര്‍ലോ സഭ അംഗീകരിച്ച വിശ്വാസ അദ്ഭുതങ്ങളെ രേഖപ്പെടുത്തിയാണ് ശ്രദ്ധേയനായത്. കമ്ബ്യൂട്ടറിലും മൊബൈലിലും കുത്തിക്കളിച്ച്‌ സമയം കളയുകയല്ല. മറിച്ച്‌ എല്ലാ ദിവസവും ദിവ്യബലിക്ക് പോകുമായിരുന്നു.

വെബ്സൈറ്റുകള്‍ ഉണ്ടാക്കാന്‍ കമ്ബ്യൂട്ടറിനു മുന്‍പിലെന്നപോലെ മണിക്കൂറുകള്‍ പ്രാര്‍ഥനയ്ക്കും ചെലവിട്ടു. സാധാരണമായ ഒരു ജീവിതം തികച്ചും അസാധാരണമായ വിധത്തില്‍ ജിവിച്ച വ്യക്തിയായിരുന്നു. കുടുംബത്തോടൊപ്പം സമയം ചിലവഴിച്ചും, മറ്റ് കുട്ടികളെയും പ്രായമായവരെയും സഹായിച്ചുമായിരുന്നു കുഞ്ഞുകാര്‍ലോ വളര്‍ന്നത്.

വെറും 15 വയസ്സുവരെ മാത്രമേ അവന്‍ ഭൂമിയില്‍ ജീവിച്ചുള്ളു. അതിനിടയില്‍ അവന്‍ ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ സമാഹരിച്ച്‌ വെബ്സൈറ്റ് നിര്‍മ്മിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 136 വിശ്വാസ അദ്ഭുതങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തി. വെര്‍ച്വല്‍ മ്യൂസിയം സൃഷ്ടിക്കുകയും ചെയ്തു. പന്തുകളിയും വിഡിയോ ഗെയിമുകളും ഇഷ്ടമായിരുന്നു. 2006ലാണ് രക്താര്‍ബുദം ബാധിച്ച്‌ മരിച്ചത്.

അമ്മയുടെ നിരന്തരമായ പ്രാര്‍ത്ഥനയോ, കണ്ണീരോ ഒന്നുമല്ല അവനെ വിശുദ്ധനാക്കിയത്. മറിച്ച്‌, അവന്‍റെ സാന്നിധ്യവും ചോദ്യങ്ങളും തന്നെ ദിവ്യകാരുണ്യത്തെക്കുറിച്ചും സഭയെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിച്ചുവെന്നാണ് അവന്‍റെ അമ്മ അന്‍റോണിയോ സല്‍സാനോ പറയുന്നത്. ”എന്നെ സംബന്ധിച്ച്‌ എന്‍റെ കുഞ്ഞു കാര്‍ലോ എനിക്ക് സത്യത്തിന്‍റെ പാത കാണിച്ചുതന്ന രക്ഷകനാണ് . അവന്‍ കാണിച്ചുതന്ന മാര്‍ഗ്ഗത്തിലൂടെയാണ് ഇനി എന്‍റെ യാത്ര.

പ്രത്യേകിച്ചും ദിവ്യകാരുണ്യാത്ഭുതത്തിന്‍റെ വെര്‍ച്ചല്‍ എക്സ്പോ എല്ലാ ഭുഖണ്ഡങ്ങളിലും സഞ്ചരിച്ചുകഴിഞ്ഞു. അനേകര്‍ക്ക് വിശ്വാസത്തിന്‍റെ വളര്‍ച്ചയ്ക്ക് കാരണമായിക്കഴിഞ്ഞു”- അന്റോണിയോ സല്‍സാനോ പറയുന്നു.