ജമ്മുകശ്മീര്‍: ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തിന് കാരണം കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വകുപ്പായ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണെന്ന് മുന്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചൈന ഒരിക്കലും അംഗീകരിക്കില്ലെന്നും റദ്ദാക്കിയ വകുപ്പ് ചൈനയുടെ പിന്തുണയോടെ പുനഃസ്ഥാപിക്കുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ റ്റുഡെക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫറൂഖ് അബ്ദുല്ല ഇങ്ങനെ അഭിപ്രായപ്പെട്ടത്.
”ഇപ്പോള്‍ ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ എന്തെല്ലാം നടക്കുന്നോ, അതിനെല്ലാം കാരണം ആര്‍ട്ടിക്ക്ള്‍ 370 റദ്ദാക്കിയതാണ്.
അത് അവര്‍ അംഗീകരിച്ചിട്ടേയില്ല. എനിക്ക് വിശ്വാസമുണ്ട്, ജമ്മുകശ്മീരില്‍ അവരുടെ പിന്തുണയോടെ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കപ്പെടും.” -ഫാറൂഖ് അബ്ദുല്ല പറഞ്ഞു.
താന്‍ ചൈനീസ് പ്രസിഡന്‍റിനെ ക്ഷണിച്ചിട്ടില്ല, മോദിയാണ് അദ്ദേഹത്തെ ക്ഷണിക്കുകയും ചൈനയില്‍ കൊണ്ടുപോയി ഒപ്പം ഭക്ഷണം കഴിക്കുകയും ചെയ്തതെന്ന് ഫാറൂഖ് അബ്ദുല്ല അഭിപ്രായപ്പെട്ടു. 2019 ഓഗസറ്റ് അഞ്ചിന് കേന്ദ്രസര്‍ക്കാര്‍ ചെയ്തത് (ആര്‍ട്ടിക്ക്ള്‍ 370 റദ്ദാക്കിയത്) അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും കശ്മീരിലെ പ്രശ്നങ്ങളെക്കുറിച്ച് പാര്‍ലമെന്‍റില്‍സംസാരിക്കാന്‍ പോലും തന്നെ അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് ഭരണഘടനയില്‍ ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്ക്ള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. കൂടാതെ ജമ്മുകശ്മീരിനെ ജമ്മുകശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തു.
തുടര്‍ന്ന് നടന്ന പ്രതിഷേധ സമരങ്ങളെ തുടര്‍ന്ന് ജമ്മുകശ്മീരിലെ മുതിര്‍ന്ന രാഷട്രീയ നേതാക്കളായ ഫാറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി എന്നിവരെ വീട്ടുതടങ്കലിലാക്കുകയും ഫാറൂഖ് അബ്ദുല്ലയേയും ഉമര്‍ അബ്ദുല്ലയേയും പിന്നീട് വിട്ടയക്കുകയും ചെയ്തു.