ഹത്രാസ് പെണ്‍കുട്ടിയുടെ കൊലപാതകം; സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി

ന്യൂഡെൽഹി: ഹത്രാസ് പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി അടുത്ത ദിവസം തീരുമാനമെടുക്കും. സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു.

അതേസമയം, ഹത്രാസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നക്‌സലുകളുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ഏറെക്കാലമായി ജീവിക്കുന്ന ബന്ധുവെന്ന് പറയപ്പെടുന്ന സ്ത്രീയ്ക്കാണ് നക്‌സലുകളുമായി ബന്ധമുള്ളതെന്നാണ് ആക്ഷേപം. കൊലപാതകത്തിലടക്കം ഇവര്‍ക്ക് പങ്കുള്ളതായും സൂചനകളുണ്ട്. ജബല്‍പൂരിലെ നേതാജി സുഭാഷ് ചന്ദ്രബാേസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. രാജ്കുമാരി ബന്‍സലിനു നേര്‍ക്കാണ് സംശയത്തിന്റെ മുന നീളുന്നത്.

സെപ്റ്റംബര്‍ 14നാണ് ദളിത് വിഭാഗത്തില്‍പ്പെട്ട ഇരുപതുകാരിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. അതീവ ഗുരുതരാവസ്ഥയിലായിരുന്നു പെണ്‍കുട്ടി. ഡെല്‍ഹിയിലെ ആശുപത്രിയില്‍ കഴിഞ്ഞ മാസം 29നാണ് മരിച്ചത്. കേസ് അട്ടിമറിക്കാന്‍ ജില്ലാഭരണകൂടവും പൊലീസും ശ്രമിക്കുന്നതായി പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.

ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാതെ മൃതദേഹം രാത്രിയില്‍ സംസ്‌കരിച്ചതും പ്രതിഷേധിത്തിനിടയാക്കിയിരുന്നു. ഹൈക്കോടതിയില്‍ നിന്നുള്‍പ്പെടെ കടുത്ത വിമര്‍ശനം ഏറ്റതോടെയാണ് ഒക്ടോബര്‍ മൂന്നിന് യോഗി ആദിത്യനാഥ് ഭരണകൂടം സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും കത്തയച്ചിരുന്നു.