ട്രംപിന് കൊറോണ ചികിൽസ ഫലപ്രദം; നാളെ മുതൽ പൊതുപരിപാടികളിൽ പങ്കെടുക്കാൻ സാധ്യത

വാഷിങ്ടൺ: കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചു ചികിൽസയിൽ ആയിരുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നാളെ മുതൽ പൊതുപരിപാടികളിൽ പങ്കെടുക്കാൻ കഴിയുമെന്ന് ട്രംപിന്റെ ഡോക്ടർ. കൊറോണ ചികിത്സ ട്രംപിൽ ഏറെ ഫലപ്രദമായിരുന്നുവെന്നും ഡോക്ടർ സിയാൻ കോൺലി പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ട്രംപിന് കൊറോണ സ്ഥിരീകരിച്ചത്. കൂടുതൽ വിദഗ്ധ പരിശോധനകൾക്ക് വിധേയനാകുന്ന പ്രസിഡന്റിന് നാളെ പൊതുപരിപാടികളിലേക്ക് മടങ്ങിയെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോക്ടർ കോൺലി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

കൊറോണ ചികിത്സയ്ക്കായി വാൾട്ടർ റീഡ് സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ച ട്രംപ് തിങ്കളാഴ്ച വൈറ്റ് ഹൗസിലേക്ക് മടങ്ങിയിരുന്നു. ട്രംപിനോടടുത്ത് പ്രവർത്തിച്ചിരുന്ന ജീവനക്കാരിൽ പന്ത്രണ്ടോളം പേർക്ക് കൊറോണ സ്ഥിരീകരികരിച്ചതോടെ വൈറ്റ് ഹൗസ് ഹോട്ട് സ്പോട്ടായി മാറിയിരിക്കുകയാണ്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് 26 ദിവസം മാത്രം അവശേഷിക്കെ പ്രചാരണപരിപാടികളിലേക്ക് എത്രയും പെട്ടെന്ന് മടങ്ങിയെത്തണമെന്നാണ് ട്രംപിന്റെ ആഗ്രഹം.