ന്യൂഡെൽഹി: സർക്കാരിൻ്റെ പ്രത്യേക പ്രതിനിധി മുൻ എംപി എ സമ്പത്ത് കഴിഞ്ഞ ലോക്ഡൗൺ കാലം മുതൽ വീട്ടിലിരുന്ന് ശമ്പളമായി കൈപ്പറ്റിയത് 3.28 ലക്ഷം. വിവരാവകാശ നിയമ പ്രകാരം കണ്ടെത്തിയ വിവരങ്ങളാണിവ. മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ സമ്പത്ത് നാട്ടിലാണ്. ഏപ്രിൽ മുതൽ എത്ര ദിവസം ഡൽഹിയിൽ ജോലിക്ക് ഹാജരായിരുന്നു, അവധിയിൽ പ്രവേശിച്ചിട്ടുണ്ടോ എന്നിവ സംബന്ധിച്ച് വിവരങ്ങൾ ലഭ്യമല്ല എന്നാണ് കേരള ഹൗസിൻ്റെ മറുപടി.
കേന്ദ്ര സർക്കാരിൻ്റെ പദ്ധതികളും സഹായങ്ങളും വേഗത്തിൽ നേടിയെടുക്കാനും സർക്കാരിൻ്റെ മറ്റ് ആവശ്യങ്ങൾ നിറവേറ്റാനുമെന്ന ഉത്തരവാദിത്തത്തിലാണ് മുൻ എം പിയും സിപിഎം നേതാവുമായ എ സമ്പത്തിനെ ഡെൽഹി കേരള ഹൗസിൽ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് പദവിയോടെ നിയമിച്ചത്. എന്നാൽ കൊറോണ ലോക്ഡൗൺ മുതൽ പ്രത്യേക പ്രതിനിധി വീട്ടിലാണ്. തുടർന്ന് ഡൽഹിയുൾപ്പെടേ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മലയാളികൾ നാട്ടിലെത്താനാകെ കുഴങ്ങിയപ്പോൾ സഹായപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക പ്രതിനിധിയില്ലാത്തത് ചർച്ചയായിരുന്നു.
ലോക്ഡൗണിൻ്റെ ഭാഗമായി വിമാന, റെയിൽ സർവ്വീസുകൾ നിർത്തിവച്ചതോടെ നാട്ടിൽ കുടുങ്ങിപ്പോയതാണെന്നായിരുന്നു അന്ന് നൽകിയ വിശദീകരണം. എന്നാൽ ആഭ്യന്തര വിമാന സർവ്വീസുകളും ട്രെയിൻ സർവീസുകളും ഭാഗികമായി പുന:സ്ഥാപിക്കപ്പെട്ട് മാസങ്ങളാകുന്നു. എന്നിട്ടും പ്രത്യേക പ്രതിനിധി വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്നുവെന്നാണ് വിവരാവകാശ രേഖകൾ പറയുന്നത്. 3.23,480 രൂപ അഞ്ച് മാസത്തിനിടെ ശമ്പളമായി കൈപ്പറ്റി. ഡെൽഹി പ്രത്യേക അലവൻസ് കൂടി ചേരുന്നതാണ് ഈ തുക.