തിരുവനന്തപുരം: നാഷണൽ ഫിഷർമെൻ ഫോറം ദേശീയ സെക്രട്ടറി ടി.പീറ്റർ അന്തരിച്ചു. കൊറോണ ബാധിതനായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മത്സ്യത്തൊഴിലാളികൾക്കു വേണ്ടി ജീവിതം പോരാട്ടമാക്കിയ നേതാവായിരുന്നു. ‘അലകൾ ‘ എന്ന പത്രത്തിന്റെ എഡിറ്ററായിരുന്നു.
ആദിവാസിസമരമുൾപ്പെടെ നിരവധി അവകാശ സമരങ്ങളിൽ നേതൃത്വം കൊടുത്ത ധീര നേതാവായിരുന്നു. 1985 ലെ ട്രോളിങ് സമരത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട പീറ്ററിൻ്റെ പൊതു ജീവിതം പിന്നീട് മുഴുവൻ സമയ തൊഴിലാളി നേതാവിലേക്ക് വളരുകയായിരുന്നു. ലാൽ കോയിൽപ്പറമ്പിലും ടി.പീറ്ററും ചേർന്ന ഒന്നര ദശാബ്ധക്കാലത്തെ സ്വതന്ത്ര മത്സ്യത്തൊഴിലാളി പ്രസ്ഥാനത്തിന്റെ പ്രവർത്തനം ഈ മേഖലയിലെ ഉജ്വല ചരിത്രമായി.ഇരുവരും പിന്നീട് വഴി പിരിഞ്ഞെങ്കിലും പീറ്റർ ദേശീയ ഫിഷർമെൻ പ്രസ്ഥാനത്തിലും ലാൽ ബോട്ട് തൊഴിലാളികളുടെ രംഗത്തും ശക്തന്മാരായിത്തീർന്നു. വിശ്രമരഹിത പ്രവർത്തനത്തിനുടമായായിരുന്നു പീറ്റർ.