കോഴിക്കോട്∙: സിപിഎം സൈബർ സംഘങ്ങൾ വ്യക്തിപരമായ അധിക്ഷേപത്തിന്റെ പരിധികൾ ലംഘിച്ചു വ്യക്തിഹത്യ നടത്തുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണക്കള്ളക്കടത്തു കേസിൽനിന്ന് ശ്രദ്ധ തിരിക്കാനായി വി.മുരളീധരനു നേരെ ഒറ്റപ്പെട്ട ആക്രമണങ്ങളോട് പ്രതികരിക്കേണ്ടതില്ല എന്നാണ് ബിജെപി സ്വീകരിച്ച നിലപാട്.
സ്മിത മേനോനെ മഹിളാമോർച്ചയിലേക്ക് നാമനിർദേശം ചെയ്തത് താനാണ്. പ്രഫഷനലുകളെ മഹിളാമോർച്ചയുടെ നേതൃനിരയിൽ കൊണ്ടുവരാനാണ് ഇടംകൊടുത്തത്. ഇനിയും അത്തരം പ്രഫഷനലുകളെ നേതൃനിരയിൽ കൊണ്ടുവരണമെന്നാണ് പാർട്ടിയുടെ തീരുമാനം.
അവരുടെ കുടുംബത്തെ ബിജെപിക്ക് അറിയില്ലെന്നാണ് ഇപ്പോൾ സിപിഎം പാടിനടക്കുന്നത്. അവരുടെ കുടുംബം നാലഞ്ചുപതിറ്റാണ്ടുകളായി സംഘപരിവാറുമായി അടുത്ത ബന്ധമുള്ളതാണ്. ഈ പ്രചാരണങ്ങളെല്ലാം വി.മുരളീധരനെ ലക്ഷ്യമിട്ടാണ് എന്നതു വ്യക്തമാണ്.
പ്രധാനമന്ത്രി റിപ്പോർട്ട് തേടിയെന്ന വാർത്ത പച്ചക്കള്ളമാണ്. വിദേശത്തുനടന്ന പരിപാടിയിൽ മലയാള മാധ്യമങ്ങളുൾപ്പെടെ മാധ്യമപ്രവർത്തകർ പങ്കെടുത്തിട്ടുണ്ട്. അതിലൊന്നും മുരളീധരന് പങ്കില്ല. ഇത്തരം ആരോപണമുന്നയിച്ച് സ്വർണക്കടത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണെങ്കിൽ സിപിഎം അതിനുവച്ച വെള്ളം വാങ്ങി വയ്ക്കുന്നതാണ് നല്ലതെന്നും സുരേന്ദ്രൻ പറഞ്ഞു.