പാലാരിവട്ടം പാലത്തിന്റെ ഗർഡറുകൾ പൊളിച്ചു തുടങ്ങി; ദേശീയപാതയിൽ ഗതാഗത തടസമില്ല

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ ഗർഡറുകൾ പൊളിച്ചു തുടങ്ങി. രാത്രി പത്തരക്ക് ആരംഭിച്ച ഗർഡറുകൾ പൊളിക്കുന്ന ജോലി പുലർച്ചെ വരെ നീണ്ടു. പാലം പൊളിക്കുന്നതിലെ സുപ്രധാന ഘട്ടമാണിത്. അർധരാത്രിയിൽ ഗതാഗതം നിയന്ത്രിച്ചാണ് പൊളിക്കൽ നടപടികൾ. പുലർച്ചെ ഒന്നരയോടെയാണ് ആദ്യത്തെ ഗർഡർ പൊളിച്ച് മാറ്റിയത്.

ക്രെയിനുകളുടെ സഹായത്തോടെ ഗർഡറുകൾ താങ്ങി നിർത്തിയാണ് ഇവ മുറിച്ചു നീക്കിയത്. ആകെ 102 ഗാർഡറുകളാണ് ഉള്ളത്.
മുറിച്ചു മാറ്റുന്ന കോൺക്രീറ്റ് പാളികൾ കൊച്ചി മെട്രോയുടെ മുട്ടം യാർഡിലേക്കാണ് മാറ്റുന്നത്. പെരുമ്പാവൂര്‍ കേന്ദ്രമായുള്ള പള്ളാശ്ശേരി എര്‍ത്ത് മൂവിസ് ആണ് മുറിക്കലിന് കരാര്‍ എടുത്തിട്ടുള്ളത്.

ഗര്‍ഡറുകള്‍ നീക്കുന്നതോടൊപ്പം തൂണുകള്‍ ബലപ്പെടുത്തുന്ന ജോലിയും ഉടൻ നടക്കും. പുതിയ ഗര്‍ഡറുകളുടെ നിര്‍മ്മാണം വൈകാതെ ഡിഎംആർസിയുടെ മുട്ടത്തെ യാര്‍ഡില്‍ തുടങ്ങും. പാലം പൊളിക്കൽ രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പാലത്തിന്‍റെ അണ്ടര്‍പാസ് അടച്ചിരിക്കുകയാണ്. ഇരുവശത്തുമുള്ള സര്‍വീസ് റോഡില്‍ പാര്‍ക്കിങ്ങും നിരോധിച്ചിട്ടുണ്ട്. എന്നാൽ പാലത്തിന് സമാന്തരമായി ദേശീയപാതയിൽ ഇരുവശത്തും ഗതാഗതത്തിന് തടസമില്ല.