ന്യൂഡെൽഹി: പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടുള്ള സമരങ്ങൾ അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. രാജ്യത്ത് പൊതുസ്ഥലങ്ങളും റോഡുകളും കയ്യേറിയുള്ള അനിശ്ചിതകാല സമരങ്ങൾക്കാണ് സുപ്രീം കോടതി വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ അരങ്ങേറിയ സമരത്തിനെതിരെ സമർപ്പിക്കപ്പെട്ട ഹർജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
ജനാധിപത്യ രാജ്യത്ത് ജനങ്ങൾക്ക് പ്രതിഷേധ സമരങ്ങൾ നടത്താൻ ഭരണഘടനാപരമായ അവകാശമുണ്ട്. എന്നാൽ കൊളോണിയൽ ഭരണകൂടത്തിന് എതിരെ സ്വാതന്ത്ര്യ സമരകാലത്ത് നടത്തിയത് പോലുള്ള സമരങ്ങൾക്ക് ഇപ്പോൾ പ്രസക്തി ഇല്ലെന്നും ജസ്റ്റിസ് എസ്‌കെ കൗൾ, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവരുൾപ്പെട്ട ബെഞ്ചിന്റെതാണ് വിധി.
പൊതു ഇടങ്ങളിൽ അനിശ്ചിതകാല സമരങ്ങൾ അരങ്ങേറുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നും കോടിതി നിരീക്ഷിച്ചു. പൊതുസ്ഥലങ്ങൾ കയ്യേറി അനിശ്ചിത കാലത്തേക്ക് സമരം നടത്തുന്നവർക്കെതിരെ പോലീസും സർക്കാരും നടപടി സ്വീകരിക്കണം. ഇതിനായി കോടതികളുടെ ഉത്തരവിനായി കാത്തിരിക്കരുത് എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
സമരം ചെയ്യുന്നവരുടെ അവകാശം പോലെ തന്നെ പ്രധാനമാണു പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യമെന്ന് കേസ് നേരത്തെ പരിഗണിച്ച സെപ്തംബർ 21 ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
ഷഹീൻ ബാഗ് സമരവും ഫലപ്രദമായ പരിഹാരങ്ങൾക്ക് വഴിവച്ചില്ലെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. സമരം ഒടുവിൽ കൊറോണ മഹാമാരിയുടെ പേരിൽ നീക്കുകയാണ് ഉണ്ടായത് എന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.