തിരുവനന്തപുരം: സർക്കാർ അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിയിച്ച് വിജിലൻസ്. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് യൂണിടാക്കിനെ നിർമാണത്തിന് തിരഞ്ഞെടുത്തത് ഹാബിറ്റാറ്റിനെ ഒഴിവാക്കിയാണെന്ന് വിജിലൻസ് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ റെഡ് ക്രസന്റ് പദ്ധതിയിലേക്ക് എത്തുന്നത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്റെ ഇടപെടൽ മുഖേനയാണെന്ന സൂചനയും റിപ്പോർട്ട് നൽകുന്നു.
മുഖ്യമന്ത്രിയുടെ കീഴിൽ വരുന്ന വിജിലൻസിൻ്റെ റിപ്പോർട്ട് അക്ഷരാർഥത്തിൽ സർക്കാരിന് ഓർക്കാപ്പുറത്ത് അടിയായിടുണ്ട്.
പദ്ധതിക്കായി വിദേശ ഫണ്ട് ഉപയോഗിച്ചെന്ന കാര്യം കേന്ദ്രത്തെ അറിയിക്കുന്നതിൽ വീഴ്ചയുണ്ടായി. ഫ്‌ളാറ്റിലേക്കുള്ള വൈദ്യുത ഇടപാട് സംബന്ധിച്ചും നഷ്ടങ്ങളുണ്ടായെന്നും വിജിലൻസ് പ്രാഥമിക റിപ്പോർട്ട് പരാമർശിക്കുന്നതുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതിനൊപ്പം പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നോ എന്ന് വ്യക്തമാവാൻ കൂടുതൽ ഫയലുകൾ പരിശോധിക്കേണ്ടിവരുമെന്നും വിജിലൻസ് ചൂണ്ടിക്കാട്ടുന്നുണ്ട്. ഉദ്യോഗസ്ഥരും മറ്റും കമ്മിഷൻ വാങ്ങിയോ എന്നുൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തത വരുത്തുനതിനായി ലൈഫ് മിഷൻ, സെക്രട്ടേറിയറ്റ്, തദ്ദേശഭരണ വകുപ്പ്, യൂണിടാക്, സെയ്ൻ വെഞ്ച്വേഴ്‌സ് എന്നിവയുടെ ഫയലുകളാണ് ഇതിനായി പരിശോധിക്കേണ്ടിവരിക.
എന്നാൽ ഇക്കാര്യത്തിൽ നടത്തുന്ന സിബിഐ അന്വേഷണം വഴിതിരിച്ച് വിടാനും തടയിടാനുമാണോ ഇത്തരത്തിലൊരു നീക്കമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.