ചണ്ഡിഗഡ്: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി ഗ്രാമങ്ങളെ ഇളക്കിമറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ട്രാക്ടര്‍ റാലി രണ്ടാം ദിവസത്തിലേക്ക്. പഞ്ചാബിലെ വിവിധ ജില്ലകളിലൂടെ ഇന്ന് റാലി കടന്നുപോകും. ഹരിയാനയില്‍ നാളെയും ബുധനാഴ്ചയുമാണ് റാലി.
പഞ്ചാബിലെ സംഗ്രുര്‍ ജില്ലയിലെ ബര്‍ണാല ചൗക്കില്‍ നിന്നാണ് ഇന്നത്തെ റാലി ആരംഭിക്കുക. ഭവാനിഗഡിലെ പൊതുസമ്മേളനത്തെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. തുടര്‍ന്ന് പട്യാല ജില്ലയിലെ വിവിധ മേഖലകളിലൂടെ ഖേത് ബച്ചാവോ യാത്ര കടന്നുപോകും. നാളെ ഹരിയാനയിലെ പെഹോവയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി, രാത്രി കുരുക്ഷേത്രയില്‍ തങ്ങും.
ബുധനാഴ്ച പീപ്പ്‌ലി മണ്ഡിയില്‍ നിന്ന് ആരംഭിക്കുന്ന റാലി കര്‍ണാലില്‍ അവസാനിക്കും.രാഹുല്‍ ഗാന്ധിയെ ഹരിയാനയില്‍ കടക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അനില്‍ വിജ് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കര്‍ഷക സമരത്തെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നുമാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ പ്രതികരണം.