കണ്ണൂര്‍: ജില്ലയില്‍ പൊലീസ് നടത്തിയ ഓപ്പറേഷന്‍ പി ഹണ്ട് റെയ്ഡില്‍ നിരവധി പേര്‍ പിടിയില്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ വഴിയും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകതിക്രമങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവരാണ് പൊലീസിന്റെ വലയിലായത്. പതിനാല് പോലീസ് സ്റ്റേഷന്‍ പരിധികളിലായി ജില്ലാ പോലീസ് സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
കണ്ണൂര്‍ ടൗണ്‍ (1) , കൊളവല്ലൂര്‍ (1), മയ്യില്‍ (1), പേരാവൂര്‍ (1), പിണറായി (2), ശ്രീകണ്ഡപുരം (1), തളിപ്പറമ്ബ (3), ഉളിക്കല്‍ (1), വളപട്ടണം (1), പാനൂര്‍ (2), ആറളം (1), കണ്ണപുരം (2), പരിയാരം (1), മട്ടന്നൂര്‍ (1) എന്നീ സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.കണ്ണൂര്‍ തുളിച്ചേരി സ്വദേശിയായ സുജിത്തിനെ അറസ്റ്റ് ചെയ്തു.
പ്രതികളില്‍ നിന്നും ഇത്തരം വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ചതിനും വീഡിയോ ഡൗണ്‍ലോഡ് ചെയ്തതിനുമുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മറ്റ് പൊലീസ് സ്റ്റേഷനുകളില്‍ 102 സിആര്‍പിസി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിവരുന്നു.
ഇത്തരം വെബ് സൈറ്റുകളും ആപ്ലിക്കേഷനുകളും നിരോധിത പോണ്‍ സൈറ്റുകളും സന്ദര്‍ശിക്കുന്നവരെ നിരീക്ഷിക്കുന്നതിന് അന്തരാഷ്ട്ര തലത്തില്‍ പ്രത്യേക വിഭാഗം ഇന്‍റര്‍പോളിനുണ്ട്. ഇന്‍റര്‍പോളുമായി സഹകരിച്ചാണ് കേരളാ പൊലീസ് ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ വലയിലാക്കുന്നത്.