തിരുവനന്തപുരം: ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമർശനവുമായി ഐഎംഎ. സംസ്ഥാനത്ത് അതിരൂക്ഷമായി കൊറോണ രോഗം വ്യാപിക്കുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന നീക്കങ്ങളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്ന് ഐഎംഎ വിമർശിച്ചു. ആരോഗ്യ വിദഗ്ദ്ധരെ മൂലക്കിരുത്തി രാഷ്ട്രീയ ലാഭങ്ങൾക്ക് മുൻതൂക്കം നൽകി ഉദ്യോഗസ്ഥ മേധാവിത്വത്തിൽ മഹാമാരിയെ
നേരിടുമ്പോൾ ഉണ്ടാകുന്ന അതിഗുരുതരാവസ്ഥയിലേക്ക് നമ്മുടെ സംസ്ഥാനം എത്തിനിൽക്കുന്നു.
ഗുരുതരാവസ്ഥയിൽ ഉള്ള രോഗികളെ ചികിത്സിക്കാൻ ആവശ്യമായ ഐ.സി.യു., വെന്റിലേറ്റർ സൗകര്യങ്ങൾ ഇനിയും സജ്ജീകരിക്കാതെ, ത്രിതല ചികിൽസാ സംവിധാനങ്ങളിൽ ഭീതിപ്പെടുത്തുന്ന അപര്യാപ്തതയാണ് ഇപ്പോഴുള്ളത്. നിലവിൽ എൺപത് ശതമാനം ഐ.സി.യു.,
വെന്റിലേറ്റർ ബെഡ്ഡുകളിൽ രോഗികൾ ഇപ്പോൾ തന്നെ ഉണ്ട്. ഇനിയും രോഗികൾ ഇരട്ടിയാവുന്ന രീതിയിൽ ആണ് കാര്യങ്ങൾ. കൊറോണ ഇതര രോഗികളെ സർക്കാർ മേഖല പൊതുവേ കയ്യൊഴിഞ്ഞ സ്ഥിതിയാണ്.
സ്വകാര്യ മേഖലയാകട്ടെ കൊറോണ, കൊറോണ ഇതര രോഗികളെ ഒരേ സമയം പരിചരിക്കുന്നൂ, അതുകൊണ്ടു തന്നെ ഒരു ആരോഗ്യ പ്രവർത്തകനോ ഭരണകർത്താവിനോ രോഗം വന്നാൽ പോലും ചികിത്സിക്കാൻ കിടക്കയില്ലാത്ത അവസ്ഥയിൽ കാര്യങ്ങൾ എത്തിനിൽക്കുന്നു. അമ്പതു രോഗികൾക്ക് ഒരു ഡോക്ടറും രു നഴ്‌സും അറ്റൻഡർമാരും മാത്രം പരിചരിക്കാൻ നിയമിക്കുമ്പോൾ ഓർക്കണമായിരുന്നു വീഴ്ചകൾ വരുമെന്ന്. സർക്കാരിന്റെ, ഭരണകർത്താക്കളുടെ കെടുകാരൃസ്ഥതതയ്ക്കും നിരുത്തരവാദിത്വത്തിന്നും ഡോക്ടർമാർ ഉൾപ്പെടെയുള്ള
ആരോഗ്യപ്രവർത്തകരാണ് ബലിയാടുകൾ.
ഇതാണ് സർക്കാരിന്റെ സമീപനമെങ്കിൽ നാളിതുവരെ ആരോഗ്യപ്രവർത്തകർ കൈവരിച്ച നേട്ടം കൈമോശം വരാൻ മണിക്കൂറുകൾ മതി. ആരോഗ്യ വകുപ്പിൽത്തന്നെ പുഴുവരിക്കുന്ന സ്ഥിതിയാണുള്ളത്. ടെസ്റ്റുകൾ കൂട്ടാൻ മാസങ്ങളായി ഐഎംഎ ആവശ്യപ്പെടുന്നു. അമ്പതിനായിരം ടെസ്റ്റുകൾ ചെയ്യുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി 14.5%. ഇപ്പൊൾ തന്നെ ഒരു ലക്ഷം ടെസ്റ്റുകൾ ചെയ്താൽ
ഇരുപതിനായിരത്തിലധികം പോസിറ്റീവ് രോഗികൾ ഉണ്ടാവും. അത്രയും പേരെ ഐസോലേറ്റ് ചെയ്യാതെ അവർ സമ്പർക്ക വ്യാപനം നടത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
ഇത് വൈറസ് പരത്തുന്ന മഹാമാരിയാണ്, തീരുമാനങ്ങൾ എടുത്ത് കൈകാര്യം ചെയ്യേണ്ടത് ആരോഗ്യ വിദഗ്ദ്ധരാണ്, രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വമല്ല. ഇനിയും വൈകിയാൽ സ്വന്തം ജനതയെ രോഗത്തിന് കുരുതി കൊടുത്ത സർക്കാർ എന്ന ബഹുമതിയാവും ചാർത്തി കിട്ടുകയെന്നും ഐഎംഎ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. പ്രതികാര നടപടികളും പ്രതിരോധ നടപടികളും എടുക്കേത് കൊറോണ വൈറസിന്എ തിരെ ആണ്, ആരോഗ്യപ്രവർത്തകർക്കു നേരെയല്ല എന്ന് ഓർമ്മിച്ചാൽ നന്നായിരിക്കുമെന്നും ഐഎംഎ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു.