തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെതിരെ നിയമനടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ ഹര്‍ജിയിലെ തെറ്റായ ആരോപണങ്ങള്‍ അപകീര്‍ത്തി ഉണ്ടാക്കിയെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ആരോപണങ്ങള്‍ പിന്‍വലിച്ച് രണ്ടാഴ്ചയ്ക്കകം മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കില്‍ നഷ്ടപരിഹാരമായി ഒരു കോടി രൂപ നല്‍കണമെന്നുമാവശ്യപ്പെട്ട് ചെന്നിത്തല വക്കീല്‍ നോട്ടീസ് അയച്ചു.
തനിക്കെതിരായ സന്തോഷ് ഈപ്പന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഎം ആണെന്നും സിപിഎമ്മിനെ പ്രീതിപ്പെടുത്തി സിബിഐ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനാണ് സന്തോഷ് ഈപ്പന്റെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു. സന്തോഷ് ഈപ്പന്റെ ആരോപണങ്ങള്‍ കോടിയേരി ഏറ്റു പിടിച്ചത് സിപിഎമ്മുമായുള്ള ഒത്തുകളിക്ക് തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഐ ഫോണോ മറ്റ് സമ്മാനങ്ങളോ കൈപ്പറ്റിയിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഫോണ്‍ ആരുടെ കൈവശമാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം നേരത്തെ ഡിജിപിക്ക് കത്തയച്ചിരുന്നു. ഡിജിപി ഇതിന് മറുപടി നല്‍കാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെയോ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെയോ സമീപിക്കാനാണ് ചെന്നിത്തലയുടെ തീരുമാനം. നിയമവിദഗ്ദ്ധരുമായി അദ്ദേഹം ഇക്കാര്യങ്ങള്‍ ചര്‍ച്ച നടത്തി വരികയാണ്.