സോൾ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും കൊറോണയിൽ നിന്നും വേഗത്തിൽ മുക്തി നേടട്ടെയെന്ന് ആശംസിച്ച് ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ. ട്രംപിനു കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ രോഗശാന്തി ആശംസിച്ചുകൊണ്ട് കിം സന്ദേശം അയച്ചിരുന്നതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി ( കെസിഎൻഎ) റിപ്പോർട്ട് ചെയ്തു.
അതേസമയം, കൊറോണ സ്ഥിരീകരിച്ച ഒരു ലോകനേതാവിന് കിം ആദ്യമായാണ് ആശംസകൾ അറിയിക്കുന്നതെന്ന് ദക്ഷിണകൊറിയയുടെ യോൺഹാപ്പ് വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ട്രംപിനു കൊറോണ സ്ഥിരീകരിച്ച ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വേഗത്തിൽ രോഗസൗഖ്യം നേടട്ടെയെന്ന് ആശംസിച്ച് സന്ദേശം അയച്ചിരുന്നു.
ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവായ ഹോപ് ഹിക്ക്സിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ട്രംപിനും ഭാര്യ മെലാനിയക്കും കൊറോണ സ്ഥിരീകരിച്ചത്. ഇന്ന് പുലർച്ചെ ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മെരിലാൻഡിലെ വാൾട്ടർ റീഡർ സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.