ദരിദ്ര രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ കൊറോണ പരിശോധനാകിറ്റുകൾ ലഭ്യമാക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന

ജനീവ: കുറഞ്ഞ നിരക്കിൽ കൊറോണ പരിശോധനാകിറ്റുകൾ ദരിദ്ര രാജ്യങ്ങൾക്ക് ലഭ്യമാക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന. അബട്ട്, എസ്ഡി ബയോ സെൻസർ എന്നീ മരുന്ന് നിർമ്മാണ കമ്പനികൾ, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനുമായി ചേർന്നാണ് കിറ്റുകൾ ലഭ്യമാക്കുന്നത്. 6 മാസത്തിനകം കിറ്റുകൾ ലഭ്യമാക്കുമെന്നും ലോകാരോ​ഗ്യസംഘടന അറിയിച്ചു.

ആദ്യഘട്ടത്തിൽ അഞ്ചു ഡോളർ നിരക്കിൽ റാപ്പിഡ് പരിശോധനാകിറ്റുകൾ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ലോകാരോ​ഗ്യസംഘടന മേധാവി ടെഡ്രോസ് അഥാനം പറഞ്ഞു. പിന്നീട് നിരക്ക് കുറയ്ക്കും. 120 ദശലക്ഷം കൊവിഡ് പരിശോധനാ കിറ്റുകളാണ് ഇത്തരത്തിൽ ലഭ്യമാക്കുക. പുതിയതും ഉപയോഗിക്കാൻ സൗകര്യപ്രദവുമായ പരിശോധന സംവിധാനം വഴി 15-30 മിനിറ്റുകൾക്കുള്ളിൽ ഫലം ലഭിക്കുമെന്ന്​ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.

മിനിറ്റുകൾക്കുള്ളിൽ കൊറോണ പരിശോധന ഫലം ലഭിക്കുന്ന സംവിധാനം വികസ്വര-അവികസിത രാജ്യങ്ങൾക്ക്​ ഏറെ സഹായകരമാവുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. അടുത്ത ആറുമാസത്തിനകം 133 രാജ്യങ്ങളിൽ ഈ കിറ്റ് നൽകാനാണ് തീരുമാനം. നടപ്പിലാക്കാൻ എളുപ്പവും വിലകുറഞ്ഞതും വേ​ഗത്തിൽ ഫലം ലഭിക്കുന്നതുമായിരിക്കും ഈ പരിശോധനാ കിറ്റുകളെന്നും ലോകാരോ​ഗ്യ സംഘടന അറിയിച്ചു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക്​ ഏറെ പ്രതീക്ഷ നൽകുന്നതാണ്​ ലോകാരോ​ഗ്യസംഘടനയുടെ പുതിയ നടപടി. ആരോഗ്യ പ്രവർത്തകരും ലബോറട്ടറികളും കുറവുള്ള രാജ്യങ്ങളിൽ കൊറോണ പരിശോധന അഞ്ച്​ ഡോളർ ചെലവിൽ നടത്താനാകുമെന്നതാണ്​ ഇതിന്റെ പ്രത്യേകത.