യുഡിഎഫ് സിപിഎമ്മിന് മുമ്പില്‍ മുട്ടുമടക്കി ; സംസ്ഥാനത്ത് സമരം ശക്തമാക്കുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാനത്ത് സമരം ശക്തമാക്കുമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. കോണ്‍ഗ്രസ് സിപിഎമ്മുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതായും സുരേന്ദ്രന്‍ വിമര്‍ശിച്ചു. യുഡിഎഫ് സിപിഎമ്മിന് മുമ്പില്‍ മുട്ടുമടക്കി. സിപിഎമ്മുമായി ഒത്തു തീർപ്പ് ഉണ്ടാക്കിയതിന്‍റെ ഭാഗമായാണ് കോൺഗ്രസ് സമരം പിൻവലിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. താഴേത്തട്ടിലേക്ക് സമരം ശക്തമാക്കാനാണ് ബിജെപിയുടെ നീക്കം. സ്വർണക്കടത്ത് കേസിലെ അന്വേഷണത്തിൽ പോരായ്‍മയില്ല. സ്വാഭാവിക കാലതാമസം ആണ് ഇപ്പോൾ ഉണ്ടാകുന്നതെന്നും സുരേന്ദ്രന്‍റെ വിമര്‍ശനം. ബിജെപി പാർട്ടി പുനസംഘടനയിൽ സംസ്ഥാന നേതാക്കൾക്ക് അതൃപ്‌തി ഇല്ല, മറിച്ചുള്ള പ്രചാരണം മാധ്യമ സൃഷ്ടിയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

അതേസമയം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് സമരപരിപാടികൾ ഒഴിവാക്കി. എന്നാൽ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോ​ഗത്തിൽ വ്യക്തമാക്കി. സമ്പൂർണ്ണ ലോക്ക്ഡൗണിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എതിർത്തു. കേസുകൾ കൂടുന്ന സ്ഥലത്ത് മാത്രം നിയന്ത്രണം മതിയെന്ന് രമേശ് ചെന്നിത്തല യോഗത്തിൽ പറഞ്ഞു. കൊറോണയ്ക്കൊപ്പം ജീവിക്കുന്ന തരത്തിലേക്ക് മാറേണ്ടി വരും. സർവകക്ഷി യോഗം ഓൺലൈനായാണ് നടന്നത്.