കൊച്ചി: കണ്ടെയ്നർ ടെർമിനൽ റോഡിൽ പൊന്നാരിമംഗലം ടോൾ പ്ളാസയിൽ മുളവുകാട്, കടമക്കുടി, ചേരാനല്ലൂർ പഞ്ചായത്തുകൾക്ക് ഏർപ്പെടുത്തിയിരുന്ന ടോൾ ഇളവ് തുടരാൻ ഹൈബി ഈഡൻ എം.പിയുടെ നിർദേശ പ്രകാരം ജില്ലാ കളക്ടർ എസ്.സുഹാസ് അദ്ധ്യക്ഷത വഹിച്ച് യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ ദിവസമാണ് ടോൾ കരാറെടുത്ത കമ്പനി ടോൾ ഇളവ് നീക്കം ചെയ്യാൻ തീരുമാനിച്ചത്. പെട്ടെന്ന് തന്നെ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹൈബി ഈഡൻ എം.പിയും ജനപ്രതിനിധികളും രംഗത്തെത്തിയിരുന്നു.
മുളവുകാട്, കടമക്കുടി, ചേരാനല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ടോൾ പ്ളാസയിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിരുന്നു. തുടർന്ന് ഹൈബി ഈഡൻ എം.പിയുടെ നിർദേശ പ്രകാരം ജില്ലാ കളക്ടർ ജനപ്രതിനിധികളുടെയും നാഷണൽ ഹൈവേ അധികൃതരുടെയും യോഗം വിളിക്കുകയായിരുന്നു.
കണ്ടെയ്നർ ടെർമിനൽ റോഡിന് വേണ്ടി ഭൂമി വിട്ടു നല്കിയവരാണ് ഈ പ്രദേശത്തെ ജനങ്ങൾ. അവർക്ക് ടോളിൽ ഇളവ് ലഭിക്കുക എന്നത് അവരുടെ അവകാശമാണ്. ടോൾ ഇളവ് നിർത്തലാക്കുന്നതിനുള്ള നടപടി സ്വീകരിച്ചാൽ ഒരു ടോളും പിരിക്കാൻ അനുവദിക്കില്ലെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. എലൂർ മുൻസിപ്പാലിറ്റി സംബന്ധിച്ച് നേരത്തെ വിളിച്ച യോഗത്തിൽ എടുത്ത ടോൾ ഇളവ് തീരുമാനത്തിലും ഉടൻ നടപടിയുണ്ടാകണമെന്ന് എം.പി പറഞ്ഞു.
ഇന്ത്യയിൽ തന്നെ ആദ്യമായിട്ടായിരിക്കും സ്ട്രീറ്റ് ലൈറ്റുകൾ പോലും ഇല്ലാത്ത നാഷണൽ ഹൈവേയ്ക്ക് ടോൾ പിരിക്കുന്നത്. സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് നാഷണൽ ഹൈവേ ഡയറേക്ടറേറ്റിലുള്ള പ്രൊപ്പോസൽ ധ്രുതഗതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് താൻ കേന്ദ്ര മന്ത്രിയെ കണ്ടിരുന്നതായി ഹൈബി ഈഡൻ എം.പി പറഞ്ഞു. അതിന്റെ ഫോളോ അപ്പ് കൃത്യമായി നടപ്പിലാക്കാൻ നാഷണൽ ഹൈവേ അധികൃതർക്ക് എം.പി നിർദേശം നല്കി.
ടോൾ സംബന്ധിച്ച് ഒരു ട്രൈപ്പാർട്ട് എഗ്രിമെന്റ് കൊണ്ടു വരണമെന്ന് എസ്.ശർമ്മ എംഎൽഎ ആവശ്യപ്പെട്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും നാഷണൽ ഹൈവേ അതോറിറ്റിയും തമ്മിൽ ഈ വിഷയത്തിൽ ഒരു ട്രൈ പാർട്ടി എഗ്രിമെന്റ് ഉണ്ടെങ്കിൽ കരാറുകാർ മാറി വരുന്നതനുസരിച്ച് ഇത്തരത്തിൽ ഉണ്ടാകാനിടയുള്ള ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചേരാനല്ലൂർ പഞ്ചായത്ത് സംബന്ധിച്ച വിഷയങ്ങൾ ടി.ജെ വിനോദ് എംഎൽഎ ചൂണ്ടിക്കാട്ടി. ഏലൂർ മുൻസിപ്പാലിറ്റിയുടെ ടോൾ ഇളവ് സംബന്ധിച്ച വിഷയം വി.കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎയും ചൂണ്ടിക്കാട്ടി. നാഷണൽ ഹൈവേയെ പ്രതിനിധീകരിച്ച് പ്രൊജക്ട് ഡയറക്ടർ ജെ. ബാലചന്ദർ പങ്കെടുത്തു.