ചെങ്ങന്നൂരിൽ കടത്തിയ പഞ്ചലോഹ വിഗ്രഹം സ്ഥാപനത്തിന് സമീപത്തെ കുഴിയില്‍ കണ്ടെടുത്തു; ഉടമകളെ പോലീസ് ചോദ്യം ചെയ്യും

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ വിഗ്രഹ നിര്‍മ്മാണ ശാലയില്‍ നിന്നും അക്രമി സംഘം കടത്തിക്കൊണ്ടുപോയെന്ന് പറഞ്ഞ പഞ്ചലോഹ വിഗ്രഹം കണ്ടെടുത്തു. സ്ഥാപനത്തിന് അടുത്തുള്ള കുഴിയില്‍ നിന്നാണ് വിഗ്രഹം കണ്ടെത്തിയത്. തൊഴിലാളികളെ ആക്രമിച്ച് വിഗ്രഹം കടത്തിക്കൊണ്ടുപോയി എന്നായിരുന്നു സ്ഥാപനത്തിന്റെ ഉടമകള്‍ നല്‍കിയ പരാതി. പിന്നില്‍ താത്ക്കാലിക ജീവനക്കാരനാണ് എന്നും ഉടമകള്‍ ആരോപിച്ചിരുന്നു. സ്ഥാപന ഉടമകളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ചെങ്ങന്നൂര്‍ കാരയ്ക്കാട്ട് എം സി റോഡരികിലെ വിഗ്രഹനിര്‍മാണ ശാലയില്‍ നിന്ന് ഞായറാഴ്ച രാത്രി ഒന്‍പതോടെയാണ് വിഗ്രഹം കാണാതായത്. 60 കിലോ ഭാരമുള്ള പഞ്ചലോഹ വിഗ്രഹമാണ് കവര്‍ന്നത്. ലണ്ടനിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനായി നിര്‍മ്മിച്ചതായിരുന്നു ഇതെന്നാണ് ഉടമകള്‍ പറഞ്ഞത്.

സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളിലൊരാള്‍ പ്രദേശവാസിയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം തുടങ്ങുന്നത്. തുടര്‍ന്ന് മര്‍ദ്ദനമേറ്റയാള്‍ സുഹൃത്തുക്കളുമായി ഒട്ടേറെ ബൈക്കുകളിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വിവരം. ഇയാള്‍ മുമ്പ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ആളാണ്. അതിനാല്‍ തൊഴില്‍ തര്‍ക്കമാകാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം.

സംഭവത്തില്‍ ആറ് തൊഴിലാളികള്‍ക്കാണ് പരിക്കേറ്റത്. തൊഴിലാളികളെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, സ്ഥാപനത്തിലെ സിസിടിവി ക്യാമറ പ്രവര്‍ത്തിച്ചിരുന്നില്ല. അതിനാല്‍ പൊലീസ് സമീപത്തുള്ള ക്യാമറകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്.