റംസി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം അനുവദിച്ചു

കൊല്ലം: കൊട്ടിയത്ത് വിവാഹത്തിൽ നിന്നും പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്ന്
യുവതി റംസി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം അനുവദിച്ചു.
കൊല്ലം സെഷൻസ് കോടതിയാണ് ലക്ഷ്മി പ്രമോദിന് ജാമ്യം അനുവദിച്ചത്. ഒക്ടോബ‍ർ ആറ് വരെ ലക്ഷമി പ്രമോദിനെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതിയുടെ ഉത്തരവ്.
ഒക്ടോബർ മൂന്നാം തീയതിയായിരുന്നു കൊട്ടിയത്തെ വീട്ടിൽ റംസി ജീവനൊടുക്കിയത്.

കേസിൽ പ്രതിശ്രുത വരൻ ഹാരിഷ് മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇയാളുടെ മാതാപിതാക്കൾക്കും സഹോദരനും സഹോദരന്റെ ഭാര്യയായ ലക്ഷ്മി പ്രമോദിനും സംഭവത്തിൽ പങ്കുണ്ടെന്നായിരുന്നു റംസിയുടെ കുടുംബത്തിന്റെ ആരോപണം. പത്തനംതിട്ട എസ്.പി കെ.ജി.സൈമണിൻ്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് റംസിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്നത്.

റംസിയുടെ വീട്ടുകാരെ നേരിൽ കണ്ട എസ്.പി അവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. റംസിയുടെ അച്ഛന്‍ ഡി ജി പി ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്സിന്‍റെ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവായത്.

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അന്വേഷണ സംഘം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യ അപേക്ഷയില്‍ വിധിപറയുന്നത് ഇന്നത്തേക്ക് മാറ്റിയത്. റംസിയുടെ ആത്മഹത്യക്ക് പിന്നില്‍ സിരിയല്‍ നടി ലക്ഷ്മി പ്രമോദിന്‍റെ പങ്ക് വെളിപ്പെടുത്തുന്ന രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.