Home Local News ഇരട്ടകുട്ടികള്‍ മരിച്ച സംഭവം; അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു

ഇരട്ടകുട്ടികള്‍ മരിച്ച സംഭവം; അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു

0

തിരുവനന്തപുരം: കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിനുത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

കൊറോണ മുക്തയായ ഗർഭിണിക്ക് മലപ്പുറത്ത് ചികിത്സ നിഷേധിച്ചതും പതിനാല് മണിക്കൂറിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ഇരട്ടക്കുട്ടികൾ മരിച്ചതുമാണ് വിവാദമായത്. കൊണ്ടോട്ടി കീഴ്‌ച്ചേരി സ്വദേശിനിയായ 20കാരിക്കാണ് ഈ ദുരനുഭവമുണ്ടായത്. മൂന്ന് ആശുപത്രികളാണ് ഗർഭിണിക്ക് ചികിത്സ നിഷേധിച്ചത്.

കൊറോണ നെഗറ്റീവ് ആയ ശേഷം യുവതി ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയിരുന്നു. ആന്റിജൻ പരിശോധനയിലാണ് യുവതിക്ക് കൊറോണ നെഗറ്റീവ് ആയത്. ആർടിപിസിആർ ടെസ്റ്റ് നടത്തി കൊറോണ നെഗറ്റീവ് ആയാൽ മാത്രമേ ചികിത്സ നൽകൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി യുവതിയുടെ പിതാവ് പറഞ്ഞു.

ഞായറാഴ്ച പുലർച്ചെ നാലിന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച യുവതിക്ക് ചികിത്സ ലഭിക്കുന്നത് വൈകിട്ട് ആറ് മണിക്കാണ്. ഇതിന് പിന്നാലെ സ്വകാര്യ ആശുപത്രികളിലും യുവതി ചികിത്സ തേടി എത്തി. എന്നാൽ ചികിത്സ നിഷേധിച്ചു. തുടർന്ന് ആറ് മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയുമായിരുന്നു. പ്രസവത്തോടെ കുഞ്ഞുങ്ങൾ മരിക്കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here