കൊച്ചി: ഐഎസുകാരൻ മലയാളിയായ സുബഹാനിക്ക് ജീവപര്യന്തം തടവു ശിക്ഷ. ഐഎസിനൊപ്പം ചേര്‍ന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്തെന്ന കേസിലെ പ്രതിയാണ് തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ വീട്ടില്‍ സുബ്‍ഹാനി ഹാജ മൊയ്തീൻ. കൊച്ചി എന്‍ഐ കോടതിയുടേതാണ് വിധി. 2,10,000 രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു.
കേസിലെ ഏക പ്രതിയായ സുബ്‍ഹാനി കുറ്റക്കാരനാണെന്ന് എറണാകുളം പ്രത്യേക എൻഐഎ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.ഐപിസി 125 ന് പുറമെ യുഎപിഎ 20, 38, 39 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം രാജ്യത്തിനെതിരെ യുദ്ധത്തിനായി ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിച്ചതിന് ഐ.പി.സി 122 വകുപ്പ് ചുമത്തിയിരുന്നെങ്കിലും ഇത് തെളിയിക്കാൻ എൻഐഎക്കായില്ല.
കേസില്‍ വിചാരണ നേരിട്ട ഏക പ്രതിയാണ് സുബ്ഹാനി ഹാജാ മൊയ്തീന്‍. ഇന്ത്യയുമായി സഖ്യത്തിലുള്ള ഏഷ്യന്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്തു എന്ന രീതിയില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത് 2015-ല്‍ തുര്‍ക്കി വഴി ഇറാഖിലേക്ക് പോയ സുബ്‍ഹാനി ഐഎസില്‍ ചേര്‍ന്നെന്നുവെന്നും അവിടെ വെച്ച് പരിശീലനം ലഭിച്ചുവെന്നും എന്‍ഐഎ കണ്ടെത്തിയിരുന്നു.
2019 ജനുവരിയിലാണ് കേസിലെ വിചാരണ നടപടികൾ ആരംഭിച്ചത്. ബഗ്ദാദിലെ ഇന്ത്യൻ എംബസി മുൻ ഉദ്യോഗസ്ഥൻ അടക്കം 46 സാക്ഷികളാണ് കോടതി വിസ്തരിച്ചത്. എന്നാൽ താൻ അക്രമത്തിൽ വിശ്വസിക്കുന്നില്ലെന്നും സമാധാനത്തിലാണ് വിശ്വാസമെന്നും തന്‍റെ പ്രായവും കുടുംബ സാഹചര്യവും ശിക്ഷ വിധിക്കുമ്പോൾ പരിഗണിക്കണമെന്നും സുബ്‍ഹാനി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.