റിലയൻസ് ചെയർമാൻ അനിൽ അംബാനിയുടെ ലോകമെമ്പാടുമുള്ള സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടിക്ക്​ ചൈനീസ്​ ബാങ്കുകൾ

ലണ്ടൻ : ​റിലയൻസ് ഗ്രൂപ്പ്​ ചെയർമാൻ അനിൽ അംബാനിയുടെ ലോകമെമ്പാടുമുള്ള സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടിക്ക്​ ഒരുങ്ങി ചൈനീസ്​ ബാങ്കുകൾ. മൂന്ന്​ ചൈനീസ്​ ബാങ്കുകളിൽനിന്നായി വായ്​പ ഇനത്തിൽ 5300 ഓളം കോടി രൂപയാണ്​ അനിൽ അംബാനി തിരിച്ചടക്കാനുള്ളത്​ എന്നാണ് ചൈനീസ് ബാങ്കുകൾ അവകാശപ്പെടുന്നത്. എന്നാൽ ഇതിനെതിരെ അനിൽ അംബാനിയും പരാതി നൽകിയിട്ടുണ്ട്.

കഴിഞ്ഞ മെയ് 22നാണ് ഇംഗ്ലണ്ടിലെ കോടതി ചൈനാ ബാങ്കിന്റെ കേസ്സ് പരിഗണിച്ചത്. ഇന്‍ഡസ്ട്രീയല്‍ ആന്റ് കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ചൈന, എക്‌സപോര്‍ട്ട്- ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈനാ, ചൈനാ ഡെവലപ്പ്‌മെന്റ് ബാങ്ക് എന്നിവര്‍ സംയുക്തമായാണ് കേസ്സ് നല്‍കിയിരിക്കുന്നത്.

2012ലാണ്​ മൂന്ന്​ ചൈനീസ്​ ബാങ്കുകൾ അനിൽ അംബാനിക്ക്​ വ്യക്തി ജാമ്യത്തിൽ വായ്​പ അനുവദിച്ചത്​. എന്നാൽ 2017 മുതൽ തുക തിരിച്ചടക്കുന്നതിൽ വീഴ്​ച വരുത്തുകയായിരുന്നു.

മൂന്ന്​ ചൈനീസ്​ ബാങ്കുകളിൽ നിന്ന്​ വായ്​പ യെടുത്ത് തിരിച്ചടക്കാത്തതിനെ തുടർന്ന്​ മേയ്​ 22ന്​ ലണ്ടൻ കോടതി അനിൽ അംബാനി 5276 കോടി വായ്​പ തുകയും 7.04കോടി കോടതിചെലവായും നൽകണമെന്ന്​ ഉത്തരവിട്ടിരുന്നു. എന്നാൽ ഇത്​ പാലിക്കാത്തതിനെ തുടർന്ന്​ ആസ്​തി വെളിപ്പെടുത്തണമെന്ന്​ ആവശ്യ​പ്പെട്ട്​ ബാങ്കുകൾ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി ചെലവിനായി ആഭരണങ്ങൾ വിറ്റെന്നും ഇപ്പോൾ കഴിയു​ന്നത്​ ഭാര്യയുടെയും കുടുംബത്തി​ൻെറയും ചിലവിൽ ആണെന്നുമായിരുന്നു അനിൽ അംബാനിയുടെ വെളിപ്പെടുത്തൽ. അനിൽ അംബാനി നൽകിയ ഹർജിയും കോടതി പരിഗണിക്കും. എന്നാൽ ഇത് തുക മടക്കിത്തരാതിരിക്കാനുള്ള തന്ത്രമാണെന്നാണ് ചൈന ബാങ്കുകളുടെ ആരോപണം.