കെ സുരേന്ദ്രന് സുരക്ഷാഭീഷണി; ഗൺമാനെ അനുവദിക്കാൻ ഇന്റലിജൻസ് നിർദ്ദേശം; കേരളാ പോലീസിന്റെ സുരക്ഷ ആവശ്യമില്ലെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് സുരക്ഷാഭീഷണി. സുരേന്ദ്രന് ഗൺമാനെ അനുവദിക്കണമെന്ന് ഇന്റലിജൻസ് നിർദ്ദേശിച്ചു. ഇത് സംബന്ധിച്ച റിപ്പോർട്ട് വേണ്ടി എസ്പി സുകേശൻ സിറ്റിപോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. ഈ മാസം 22 നാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
നിലവിലെ സാഹചര്യത്തിൽ സുരക്ഷ അനിവാര്യമാണെന്നാണ് ഇന്റലിജൻസ് ചൂണ്ടിക്കാട്ടുന്നത്. സുരക്ഷ നൽകിയ ശേഷം ഇന്റലിജൻസ് ഹെഡ്ക്വാർട്ടേഴ്‌സിൽ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം സുരക്ഷ നൽകേണ്ടി വരുമെന്നും എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കയ്യിൽ കിട്ടിയിട്ടില്ലെന്നും സിറ്റി പോലീസ് കമ്മീഷണർ എ.വി ജോർജ്ജ് ഐപിഎസ് അറിയിച്ചു. ഇത് സംബന്ധിച്ച് ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ലെന്ന് കെസുരേന്ദ്രനും പറഞ്ഞു.

തനിക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയോ മറ്റോയില്ല. കേരള പോലീസിന്റെ സുരക്ഷ തത്ക്കാലം ആവശ്യമില്ലെന്നും ഇതിൽ കൂടുതൽ സുരക്ഷ തനിക്ക് ജനങ്ങളിൽ പ്രവർത്തിക്കുമ്പോൾ ലഭിക്കുമെന്നും കെ.സുരേന്ദ്രൻ പ്രതികരിച്ചു.

സ്വർണക്കടത്ത് വിഷയത്തിലടക്കം സംസ്ഥാന സർക്കാരിനെതിരേ നിരന്തരം ആരോപണങ്ങളുമായി ദിവസവും വാർത്താ സമ്മേളനം നടത്തുന്ന കെ.സുരേന്ദ്രൻ സമരങ്ങളിലെല്ലാം നിരന്തരം പങ്കെടുത്തിരുന്നു. ആരോപണങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അടക്കം കേരളത്തിൽ വലിയ രീതിയിൽ എത്തിയത് ബിജെപിയുടെ ഇടപെടലാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. തുടർന്നാണ് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.