ന്യൂഡെൽഹി: കാർഷിക ബില്ലുകൾക്കെതിരെയുള്ള കർഷകരുടെ പ്രക്ഷോഭം തുടരുന്നതിനിടെ പഞ്ചാബിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കി കേന്ദ്ര സർക്കാർ. ട്രെയിൻ തടയൽ സമരം 29വരെ തുടരുമെന്നാണ് സമരക്കാർ പറയുന്നത്. കാർഷിക ബിൽ പഞ്ചാബിയിലേക്ക് തർജ്ജമ ചെയ്ത് കർഷകർക്കിടയിൽ വിതരണം ചെയ്തു. ട്രെയിൻ തടയൽ സമരങ്ങൾ നടക്കുന്നതിനിടെ 28 പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയത്. അതേസമയം, ട്രെയിനുകൾ റദ്ദാക്കിയ പുതിയ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല.
പഞ്ചാബിലും ഹരിയാനയിലും വാഹന-ട്രെയിൻ ഗതാഗതത്തെ പോലും കർഷക സമരം ബാധിച്ചു. സെപ്തംബർ 28ന് കോൺഗ്രസ് രാജ്ഭവൻ മാർച്ചുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 2ന് കർഷകരക്ഷാദിനമായി ആചരിക്കാനും തീരുമാനിച്ചു.
കോൺഗ്രസ് തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണ് കർഷകർ സമരം ചെയ്യുന്നതെന്ന പ്രധാനമന്ത്രിയുടെ വാദം തെറ്റാണെന്ന് കിസാൻ മസ്ദൂർ സംഘർഷ് സമതി സ്റ്റേറ്റ് സെക്രട്ടറി സർവൻ സിംഗ് പാന്ധർ പറഞ്ഞു. സമരവേദിയിൽ രാഷ്ട്രീയക്കാരെ പ്രവേശിക്കാനനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ കർഷക സംഘടനകൾ സംയുക്തമായി ഭാരത് ബന്ദിന് അഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി നടന്ന കർഷക പ്രതിഷേധങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദേശീയ പാതകൾ ഉപരോധിച്ചു, ട്രെയിനുകൾ തടഞ്ഞു.
ഡെൽഹിയിലേക്ക് നീങ്ങിയ കർഷക മാർച്ചുകൾ അതിർത്തികളിൽ പൊലീസ് തടഞ്ഞു. ഹരിയാന, പഞ്ചാബ് , ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങൾ പ്രതിഷേധത്തിൽ സ്തംഭിച്ചു. പഞ്ചാബിലും ഹരിയാനയിലും ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കർഷകരും കുടുംബാംഗങ്ങളും വരെ പ്രതിഷേധത്തിന്റെ ഭാഗമാകുന്ന കാഴ്ചയാണ് പഞ്ചാബിലും ഹരിയാനയിലും കണ്ടത്. സ്ത്രീകളുടെ വലിയ സാന്നിധ്യം പ്രക്ഷോഭങ്ങളിലുണ്ടായി. അമൃത്സർ- ദില്ലി ദേശീയപാത കർഷകർ അടച്ചു. ഉത്തർപ്രദേശിൽ നിന്ന് ദില്ലിയിലേക്ക് നീങ്ങിയ കർഷക റാലി നോയിഡയിൽ പൊലീസ് തടഞ്ഞു.