ദക്ഷിണ കൊറിയൻ സർക്കാർ ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നു; മാപ്പ് പറഞ്ഞ് കിം ജോങ് ഉൻ

സോൾ: ദക്ഷിണ കൊറിയൻ സർക്കാർ ഉദ്യോഗസ്ഥനെ സമുദ്രാതിർത്തി ലംഘിച്ചതിന് വെടിവച്ചുകൊന്ന സംഭവത്തിൽ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മാപ്പു പറഞ്ഞു. സമുദ്രാതിർത്തിയിൽ ഉത്തര കൊറിയ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ദൗർഭാഗ്യകരമായ കാര്യമാണ് സംഭവിച്ചതെന്നും കിം പറഞ്ഞു. ദക്ഷിണ കൊറിയൻ അധികൃതർക്ക് അയച്ച കത്തിലാണ് കിം ഖേദപ്രകടനം നടത്തിയത്.

തങ്ങളുടെ സമുദ്രാതിർത്തിയിൽ എത്തിയയാൾ രക്ഷാസേന പല തവണ ആവശ്യപ്പെട്ടിട്ടും ആരാണെന്നു വെളിപ്പെടുത്താൻ തയാറാകാതിരുന്നതോടെയാണു വെടിവച്ചതെന്ന് കത്തിൽ പറയുന്നു. ഇരു കൊറിയകളുടെയും അതിർത്തിക്കടുത്തുള്ള യോൻപെയോങ് ദ്വീപിനു സമീപത്തുവച്ച് മാരിടൈം അഫയേഴ്‌സ്, ഫിഷറീസ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെയാണ് സെപ്റ്റംബർ 21 മുതൽ കാണാതായത്. ഇയാൾ ഉത്തര കൊറിയയിലേക്കു കടക്കാൻ ശ്രമിച്ചതാണോ എന്ന് ദക്ഷിണ കൊറിയൻ അധികൃതർ ആദ്യം സംശയം പ്രകടിപ്പിച്ചിരുന്നു.

ഉത്തര കൊറിയൻ നടപടിയെ ദക്ഷിണ കൊറിയ ശക്തമായി അപലപിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ഉത്തര കൊറിയയോട് ആവശ്യപ്പെടുകയും ചെയ്തു. ജൂണിൽ ഔദ്യോഗിക ആശയവിനിമയം അവസാനിപ്പിച്ചതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷാവസ്ഥയാണു നിലനിൽക്കുന്നത്.