ബെംഗളൂരു: കർണാടകത്തിൽ കൊറോണ വൈറസ് രോഗം ബാധിച്ച് എംഎൽഎ മരിച്ചു. ബിദാർ ജില്ലയിലെ ബസവകല്യാൺ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും കോൺഗ്രസ് നേതാവുമായ നാരായണ റാവുവാണ് അന്തരിച്ചത്. കുറച്ച് ദിവസങ്ങളായി ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തീരെ മോശമായിരുന്നു. ഈ മാസം ഒന്നിനാണ് ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ചക്കിടെ കർണാടകത്തിൽ വൈറസ് ബാധിച്ചു മരിക്കുന്ന മൂന്നാമത്തെ ജന പ്രതിനിധിയാണ് ഇദ്ദേഹം.
അതേസമയം രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്ത് വിട്ട കണക്കനുസരിച്ച് 86,508 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 57,32,518 ആയി. 24 മണിക്കൂറിനിടെ 1129 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് 91,149 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത്.
46,74,987 പേർ ഇത് വരെ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇതനുസരിച്ച് 81.55 ശതമാനമാണ് രോഗമുക്തി നിരക്ക്. 9,66,382 പേരാണ് നിലവിൽ രാജ്യത്ത് കൊറോണ ബാധിച്ച് ചികിത്സയിലുള്ളത്. ഏഴ് സംസ്ഥാനങ്ങളിലായി അറുപത് ജില്ലകളിൽ കൊറോണ വ്യാപനം രൂക്ഷമാണെന്ന് കേന്ദ്ര സർക്കാർ പറയുന്നു.