മുബൈ: കഴിഞ്ഞ രാത്രി മുഴുവന്‍ നീണ്ടു നിന്ന കനത്ത മഴയെ തുടര്‍ന്ന് മുബൈയില്‍ നഗരത്തില്‍ വെള്ളപ്പൊക്കം. നഗരത്തില്‍ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ടായതോടെ ഇൗ ഭാഗങ്ങളിലെ ട്രെയിന്‍ റോഡ് ഗതാഗതം താറുമാറായി. ട്രാക്കുകള്‍ വെള്ളത്തിനടിയിലായതോടെ സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. മുംബൈയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 280 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.
അടുത്ത 24 മണിക്കൂറിലും നഗരത്തില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.
നഗരത്തിലെ റോഡുകളില്‍ മുട്ടറ്റമുള്ള വെള്ളത്തിലൂടെയാണ് യാത്രക്കാര്‍ സഞ്ചരിക്കുന്നത്.വെള്ളം കയറിയതോടെ സെന്‍ട്രല്‍, ഹാര്‍ബര്‍ ലൈനുകളിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ബി.എം.സി ട്വീറ്റ് ചെയ്തു.
ഗതാഗതവും വൈദ്യുതിയും മുടങ്ങുമെന്നതിനാല്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഴയെ തുടര്‍ന്ന് ജൂഹു വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.