മലപ്പുറം: വെന്റിലേറ്റര്‍ ലഭിക്കാതെ കൊറോണ രോഗി മരിച്ച ആരോപണത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനോട് ജില്ലാ മെഡിക്കൽ ഓഫീസർ വിശദീകരണം തേടി. മലപ്പുറത്ത് യൂസുഫിന്റെ ഭാര്യ പാത്തുമ്മക്ക് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് തിങ്കളാഴ്ച രാത്രിയോടെയാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്.
മഞ്ചേരി മെഡിക്കൽ കോളേജിൽ കൊണ്ടുപോയെങ്കിലും അധികൃതർ വെന്റിലേറ്റര്‍ ഒഴിവില്ലെന്നാണ് അറിയിച്ചത് എന്ന് ബന്ധുക്കള്‍ പറയുന്നു. ആംബുലൻസ് ഡ്രൈവറാണ് ആശുപത്രിയുടെ അകത്തെത്തി വിവരം തിരക്കിയത്. മൂന്ന് മണിക്കൂറോളം മെഡിക്കല്‍ കോളജിന് മുന്നില്‍ പാത്തുമ്മയെ ആംബുലന്‍സില്‍ തന്നെ കിടത്തി. സൗകര്യം ഒരുക്കാമെന്ന് മറ്റൊരു ആശുപത്രി അധികൃതര്‍ അറിയിച്ചു. പുലര്‍ച്ചെ നാലിന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും അഞ്ചരയോടെ മരണം സംഭവിക്കുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പാത്തുമ്മക്ക് രോഗം പോസിറ്റീവ് ആണെന്ന് അറിയുന്നത്.
അതേസമയം മഞ്ചേരി മെഡിക്കൽ കോളേജിൽ 31 വെന്റിലേറ്ററുകളുണ്ട്. ആരാണ് വെന്റിലേറ്ററില്ലെന്ന് പറഞ്ഞ് രോഗിയെ തിരിച്ചയച്ചത് എന്നറിയില്ലെന്നും ആണ് അധികൃതരുടെ വിശദീകരണം. സംഭവത്തിൽ
ഇതുവരെ തങ്ങള്‍ക്ക് പരാതി കിട്ടിയിട്ടില്ലെന്നും മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പറയുന്നു.