കൊറോണ സമൂഹവ്യാപന ഭീതിയില്‍ കേരളം; ഒരു മാസത്തിനുള്ളില്‍ പരക്കെ സമൂഹവ്യാപനത്തിന് സാധ്യത

തിരുവനന്തപുരം : കേരളം കൊറോണ സമൂഹവ്യാപന ഭീതിയില്‍. സംസ്ഥാനത്ത് ഒരു മാസത്തിനുള്ളില്‍ പരക്കെ സമൂഹവ്യാപനത്തിന് സാധ്യതയെന്ന് വിലയിരുത്തല്‍. ഉറവിടം അറിയാത്ത രോഗബാധയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുന്നത് ഇതിന്റെ സൂചന.

വിവിധ തലങ്ങളിലെ രോഗബാധയും ആശങ്ക കൂടുതൽ വർധിപ്പിക്കുന്നു. ആരോഗ്യ പ്രവർത്തകരിലും പോലീസ് സേനയിലും രോഗം വർധിച്ചത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ വരും ദിവസങ്ങളിൽ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.

സമ്പൂർണ ലോക്ക്ഡൗൺ കാലത്ത് ജനങ്ങളെടുത്ത സുരക്ഷാ മുൻകരുതൽ ഇപ്പോൾ കുറയുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനൊപ്പം ഓഫീസുകളും സാധാരണ ചടങ്ങുകളും കൂടുതൽ സജീവമാക്കിയുള്ള പ്രഖ്യാപനവും തിരിച്ചടിയാകുമെന്ന് സൂചനയുണ്ട്.

സംസ്ഥാനത്ത് 22 ദിവസത്തിനിടെ 6055 പേര്‍ക്കാണ് ഉറവിടം അറിയാത്ത രോഗബാധ സ്ഥിരീകരിച്ചത്. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യശരാശരിയേക്കാള്‍ കൂടുതലാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഫലപ്രദമാകണമെന്നില്ലെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്നലെ 4125 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 19 മരണങ്ങളും കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.