ന്യൂഡെല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക് പിന്തുണയുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍.
കാര്‍ഷിക ബില്‍ വോട്ടെടുപ്പില്ലാതെ പാസാക്കിയ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയ ശരദ് പവാര്‍ രാജ്യസഭയില്‍ ഇത്തരത്തില്‍ ഒരു ബില്‍ പാസാക്കുന്നത് ഇതിന് മുമ്പ് കണ്ടിട്ടില്ലെന്ന് കൂട്ടിച്ചേര്‍ത്തു. എത്രയും പെട്ടെന്ന് ബില്ലുകള്‍ പാസാക്കുക എന്നതാണ് സര്‍ക്കാരിൻ്റെ ആവശ്യം.
പ്രതിപക്ഷ അംഗങ്ങള്‍ക്ക് ബില്ല് സംബന്ധിച്ച് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. എന്നാല്‍ ചര്‍ച്ചകളൊന്നും വേണ്ട എന്ന രീതിയില്‍ അവര്‍ ബില്‍ പാസാക്കുകയാണ് ഉണ്ടായത്. അഭിപ്രായം രേഖപ്പെടുത്തിയ അംഗങ്ങളെ സഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. രാജ്യസഭാ ഉപാധ്യക്ഷന്‍ നിയമങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.
രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ നികുതി നോട്ടീസ് അയക്കുക എന്ന അജണ്ടയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും പവാര്‍ വിമര്‍ശിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, മകനും മന്ത്രിയുമായ ആദിത്യ താക്കറെ, എന്‍സിപി എം.പിയായ സുപ്രിയ സുലെ എന്നിവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.