ന്യൂഡല്‍ഹി: പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൂന്നാം ഘട്ട മരുന്ന് പരീക്ഷണം തുടങ്ങി. പ്രതീക്ഷയോടെ ഇന്ത്യയും ലോകജനതയും വാക്സിനായി ഉറ്റുനോക്കുകയാണ്. 200 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. അസ്ട്ര സെനക്കയുടെ ബ്രിട്ടനിലെ ക്ലിനിക്കല്‍ പരീക്ഷണത്തിനിടെ അജ്ഞാത രോഗ ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തിയിരുന്നു. റിപോര്‍ട്ടുകള്‍ പരിശോധിച്ച ശേഷം ഡിസിജിഐ പരീക്ഷണം തുടരാന്‍ അനുമതി നല്‍കുക ആയിരുന്നു.പൂനെയിലെ സാസൂണ്‍ ജനറല്‍ ആശുപത്രിയില്‍ ആരംഭിക്കും.
മൂന്നാംഘട്ട പരീക്ഷണത്തിനിടെ വാക്‌സിന്‍ കുത്തിവെച്ച വോളണ്ടിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാല്‍ നിര്‍ത്തിവച്ച പരീക്ഷണം ബ്രിട്ടനില്‍ ഒരാഴ്ച മുമ്ബ് വീണ്ടും തുടങ്ങിയിരുന്നു. വോളണ്ടിയര്‍ക്ക് ബാധിച്ച രോഗം വാക്‌സിന്റെ പാര്‍ശ്വഫലമാണെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ പരീക്ഷണം പുനരാരംഭിക്കാന്‍ ബ്രിട്ടനിലെ മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയാണ് അള്‍ട്രാ സെനകിന് അനുമതി നല്‍കിയത്. ഇതോടെയാണ് എ ഇസഡ് ഡി1222 എന്ന വാക്‌സിന്‍ പരീക്ഷണത്തിന് വീണ്ടും തുടക്കമായത്.
ഇന്ത്യയിലെ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങള്‍ പരീക്ഷണത്തോട് സഹകരിക്കുന്നുണ്ട്. വാക്സിന്‍ വിജയമായാല്‍ വാങ്ങാന്‍ ഇന്ത്യയും കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. പരീക്ഷണം നിലച്ചതില്‍ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്ര സെനക അറിയിച്ചിരുന്നു.
പാര്‍ശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നായിരുന്നു കമ്പനി നേരത്തെ നല്‍കിയ വിശദീകരണം. രണ്ടംഘട്ട പരീക്ഷണങ്ങളിലെ ആദ്യത്തെ ഡോസുകള്‍ പൂനെ ഭാരതി വിദ്യാപീഠ് മെഡിക്കല്‍ കോളജിലെയും ആശുപത്രിയിലെയും ചില സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നല്‍കിരുന്നു. തമിഴ്‌നാട്ടിലെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയിലെയിലും ശ്രീരാമചന്ദ്ര ആശുപത്രിയിലും 300 വളണ്ടിയര്‍മാരിലാണ് ‘കൊവി ഷീല്‍ഡ്’ വാക്സിന്‍ കുത്തിവെച്ചത്.
നിലവില്‍ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം അമ്പത്തിയഞ്ച് ലക്ഷം കടന്നു. ആറ് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം പ്രതിദിന വര്‍ധന തൊണ്ണൂറായിരത്തിന് താഴെ എത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി തൊണ്ണൂറായിരത്തിന് മുകളിലായിരുന്നു പ്രതിദിന രോഗ മുക്തരുടെ എണ്ണം. പന്ത്രണ്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ദേശീയ ശരാശരിക്ക് മുകളിലാണ് രോഗ മുക്തരുടെ എണ്ണം.