ന്യൂഡെൽഹി: ഡെൽഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉമര്‍ ഖാലിദിന്റെ ഹർജി തളളി. പൊലീസ് റിമാന്‍ഡ് കാലയളവിൽ കുടുംബത്തെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് സമര്‍പ്പിച്ച ഹർജിയാണ് ഡെൽഹി കോടതി തള്ളിയത്. കുടുംബാംഗങ്ങളെ കാണാന്‍ ഉമര്‍ ഖാലിദിനെ അനുവദിച്ചാല്‍ അത് ചോദ്യം ചെയ്യലിനെ ബാധിക്കുമെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അമിത് പ്രസാദ് കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.
കേസിലെ വസ്തുതകളും സാഹചര്യവും പരിശോധിക്കുമ്പോള്‍ ആവശ്യം പരിഗണിക്കുന്നതിനുള്ള യാതൊരു യോഗ്യതയും കാണുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് അമിതാബ് റാവത്ത് ഹർജി തള്ളിയത്. രണ്ട് ദിവസങ്ങളിലായി അരമണിക്കൂര്‍ വീതം കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്.
കുടുംബാംഗങ്ങളെ കാണാന്‍ അനുമതി നല്‍കാമെന്ന് ഡെൽഹി പൊലീസ് വാക്കാല്‍ ഉറപ്പു തന്നിരുന്നെന്നും എന്നാല്‍ പിന്നീട് പൊലീസ് നിഷേധിക്കുകയായിരുന്നെന്നും ഉമര്‍ ഹർജിയിൽ പറഞ്ഞു. ജെഎന്‍യു വിദ്യാര്‍ത്ഥി ആയിരുന്ന ഉമര്‍ ഖാലിദിനെ സെപ്റ്റംബര്‍ 13നാണ് കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ടുപേരും, ഷഹീന്‍ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ് സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നുമാണ് പൊലീസ് ഉമര്‍ ഖാലിദിനെതിരെ ഉന്നയിക്കുന്ന ആരോപണം.