കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കാലവര്‍ഷ കെടുതിയില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. മുന്‍കരുതലിന്‍റെ ഭാഗമായി മലപ്പുറത്തും കാസര്‍കോടും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
കാസര്‍കോടാണ് വെള്ളക്കെട്ടില്‍ വീണ് രണ്ട് പേര്‍ മരിച്ചത്. ചെറുവത്തൂര്‍ മയ്യിച്ച കോളായി സുധന്‍, മധൂര്‍ പരപ്പാടി ചേനക്കോട് ചന്ദ്രശേഖരന്‍ എന്നിവരാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്.
മലപ്പുറത്ത് മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് പോത്ത്കല്ല് പഞ്ചായത്തിലെ 12 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ഭൂതാനം എല്‍ പി സ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചത്. കോഴിക്കോട് രണ്ട് വീടുകള്‍ പൂര്‍ണ്ണമായും ആറ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് വടകരയിലാണ്.
ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ 15 സെന്‍റിമീറ്റര്‍ കൂടി ഉയര്‍ത്തി. രണ്ട് ഷട്ടറുകളും നിലവില്‍ 30 സെന്‍റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കണ്ണൂരില്‍ അഴിമുഖം, ആറളം, പുളിക്കല്‍, പയ്യാവൂര്‍ തുടങ്ങിയ മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. കര്‍ണാടക വനമേഖലയില്‍ മഴ ശക്തമായതിനാല്‍ ജില്ലയിലെ പ്രധാന നദികളിലെല്ലാം വെള്ളം കയറി. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.
കോട്ടയത്ത് ചങ്ങനാശേരിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മണിമലയാറും മീനച്ചിലാറിലും ജലനിരപ്പ് ഉയര്‍ന്നു. എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. മലയോര മേഖലയില്‍ മഴ തുടരുന്നതിനാല്‍ പുഴകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.