തിരുവനന്തപുരം: കടക്കെണിയിലായ കെഎസ്ആര്‍ടിസിയെ കരകയറ്റാനുള്ള പരിശ്രമത്തിനിടെ, മുന്‍ എംഡി ടോമിന്‍ തച്ചങ്കരി കണ്ടക്ടറായാണ് വാര്‍ത്തകളില്‍ നിറഞ്ഞതെങ്കില്‍, പുതിയ എം ഡി ബിജു പ്രഭാകര്‍ ഡ്രൈവിങ് സീറ്റിലാണ് എത്തിയത്. യൂണിഫോമില്ലാതെ എത്തിയ പുതിയ ഡ്രൈവറെക്കണ്ട് കണ്ടക്ടറും യാത്രക്കാരും അമ്പരന്നു.
വര്‍ഷങ്ങള്‍ക്കുശേഷമാണ് ഹെവി വാഹനത്തിന്റെ വളയം പിടിച്ചതെങ്കിലും പരിചയസമ്പന്നനായ ഡ്രൈവറെപ്പോലെ ബിജു പ്രഭാകര്‍ ബസുമായി നിരത്തിലിറങ്ങി. സിറ്റി ഡിപ്പോയിലെ ലെയ്‌ലന്‍ഡ് ബസാണ് ആദ്യമായി നിരത്തിലിറക്കിയത്. അല്പസമയത്തിനുള്ളില്‍ വാഹനം പരിചിതമായി. ബസുമായി നേരേ റോഡിലേക്ക്.
കോവളം-കഴക്കൂട്ടം ബൈപ്പാസിലും ശംഖുംമുഖം-വെട്ടുകാട് റൂട്ടിലുമായി രണ്ടുമണിക്കൂറോളം ബിജു പ്രഭാകര്‍ ഐഎഎസ് ബസ് ഓടിച്ചു. ഒപ്പമുണ്ടായിരുന്ന കെഎസ്ആര്‍ടിസി സോഷ്യല്‍മീഡിയ പ്രവര്‍ത്തകര്‍ എംഡിയുടെ ഡ്രൈവിങ് ചിത്രീകരിച്ച് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.
നേരത്തേ ഹെവി ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നെങ്കിലും എറെക്കാലമായി വലിയ വാഹനങ്ങള്‍ ഓടിച്ചിരുന്നില്ലെന്ന് ബിജു പ്രഭാകര്‍ വ്യക്തമാക്കി. ലൈസന്‍സ് കാലാവധിയും കഴിഞ്ഞു. കെഎസ്ആര്‍ടിസിയില്‍ എത്തിയപ്പോഴാണ് വീണ്ടും വാഹനങ്ങളുമായി അടുത്തിടപഴകേണ്ടിവന്നത്. തുടര്‍ന്ന് ലൈസന്‍സ് പുതുക്കിയെന്നും അദ്ദേഹം പറഞ്ഞു.