ന്യൂ ഡെല്‍ഹി: യാത്രക്കാരില്‍ ചിലര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി ഹോങ്കോങ്. ഒക്ടോബര്‍ മൂന്നു വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹോങ്കോങ് സിവില്‍ ഏവിയേഷന്‍ വകുപ്പാണ് എയര്‍ ഇന്ത്യ വിമാനത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്.
കൊറോണ പോസിറ്റീവ് ആയ യാത്രക്കാരെ കയറ്റുന്ന വിമാനക്കമ്ബനികള്‍ക്ക് ഹോങ്കോങ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരുന്നെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
യാത്ര തുടങ്ങുന്നതിന് 72 മണിക്കൂര്‍ മുമ്ബെങ്കിലും കൊറോണ പരിശോധന നടത്തി നെഗറ്റീന് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യക്കാരെ മാത്രമേ ഹോങ്കോങ്ങിലേക്ക് എത്താന്‍ അനുവദിക്കുകയുള്ളൂവെന്ന് ജൂലൈയില്‍ ഹോങ്കോങ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.ഓഗസ്റ്റില്‍ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായ വിമാനങ്ങള്‍ക്കും ഹോങ്കോങ്ങില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം, എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് സംബന്ധിച്ച് പ്രതികരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇത് രണ്ടാം തവണയാണ് ഹോങ്കോങ്ങിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഓഗസ്റ്റില്‍ യാത്രക്കാരില്‍ ഒരാള്‍ കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആയിരുന്നു വിലക്ക്.
കഴിഞ്ഞയാഴ്ച ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ ഇന്ത്യ എക്സ്പ്രസിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ രണ്ടാഴ്ചത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കൊറോണ പോസിറ്റീവ് ആയ യാത്രക്കാരനെ ദുബായിലേക്ക് പോകാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് ആയിരുന്നു ഇത്.