കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയരുന്നതിനാൽ ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ 45 സെന്റിമീറ്റർ കൂടി ഉയർത്തി. ഇന്ന് ഉച്ചക്ക് രണ്ട് മണി, മൂന്ന്, മൂന്നര എന്നീ സമയങ്ങളിൽ 15 സെന്റിമീറ്റർ വീതം ഷട്ടർ ഉയർത്തി ആകെ 45 സെന്റിമീറ്റർ കൂടി അധികമായാണ് ഉയർത്തുക.
പുഴകളിൽ ജലനിരപ്പ് ഇപ്പോഴുള്ള അവസ്ഥയിൽ നിന്നും 60 സെന്റിമീറ്റർ കൂടി വർധിക്കുന്നതായിരിക്കും. ഈ സാഹചര്യത്തിൽ ബാണാസുരസാഗർ ഡാമിന്റെ താഴ്ഭാഗത്തുള്ള കരമാൻ തോട്, പനമരം പുഴ എന്നിവയുടെ ഇരുകരകളിലും വെള്ളം കയറാൻ സാധ്യതയുണ്ട്. അതിനാൽ ഈ പ്രദേശങ്ങളിൽ ഉള്ളവർ മാറി താമസിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിർദ്ദേശം നൽകി.
നിലവിൽ 45 സെന്റീമീറ്റർ തുറന്ന് സെക്കന്റിൽ 37.50 ക്യൂബിക്സ് മീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇത് ആകെ 90 സെന്റീമീറ്റർ ആക്കുന്നതോടെ പുറത്തു വിടുന്ന ജലം സെക്കന്റിൽ 75 ക്യൂബിക്സ് മീറ്റർ ആയി വർധിക്കും.