മലയാറ്റൂരിൽ പാറമടയില്‍ സ്ഫോടനം; രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

കൊച്ചി : എറണാകുളം മലയാറ്റൂരിൽ പാറമടയിൽ ഉണ്ടായ സ്ഫോടനത്തിൽ ജോലിക്കാരായ രണ്ടു ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. സേലം സ്വദേശിയായ പെരിയണ്ണൻ (40), ചാമരാജ് നഗര്‍ സ്വദേശി ഡി നാഗ എന്നിവരാണ് മരിച്ചത്. കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്.

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. പാറ പൊട്ടിക്കാൻ ഉപയോഗിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു. അപകടമുണ്ടായ ഉടനെ ഇരുവരെയും പരിസരവാസികൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ലോക്ക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്ന തൊഴിലാളികള്‍ ഇളവുകള്‍. വന്നതോടെ പാറമട ഉടമകള്‍ തൊഴിലാളികളെ തിരിച്ച് വിളിച്ചതോടെ ജോലിക്കായി തിരിച്ചെത്തിയതായിരുന്നു. പന്ത്രണ്ട് ദിവസം മുമ്പാണ് ഇരുവരും പാറമടയില്‍ ജോലിക്കെത്തിയത്. തുടര്‍ന്ന് വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ ക്വാറന്‍റീനില്‍ കഴിയുകയായിരുന്നു രണ്ടുപേരും. കെട്ടിടത്തില്‍ വേറെ ആരുമുണ്ടായിരുന്നില്ല.

കാറ്റും മഴയും കാരണം ഇലക്‌ട്രിക് പോസ്റ്റില്‍ നിന്നുള്ള സ്പാര്‍ക് ആണ് അപകട കാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.