കൊച്ചി: പെരുമ്പാവൂരിലും കളമശേരിയിലും നിന്നും പിടിയിലായ മൂന്ന് അൽഖ്വയ്ദ തീവ്രവാദികളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇന്ന് ഡെൽഹിയിലേക്ക് കൊണ്ടുപോകും. കളമശേരിയിൽ പിടിയിലായ മുർഷിദാബാദ് സ്വദേശി മുർഷിദ് ഹസ്സൻ, പെരുമ്പാവൂരിൽ താമസിച്ചിരുന്ന യാക്കൂബ് ബിശ്വാസ് , മുസറഫ് ഹുസൈൻ എന്നിവരെയാണ് ഡെൽഹിയിൽ കോടതിയിൽ ഹാജരാക്കുക.
ഇന്നലെ വൈകുന്നേരത്തോടെ പ്രതികളെ കൊണ്ടുപോകാനുള്ള അനുമതി എൻഐഎ യ്ക്ക് ലഭിച്ചിരുന്നു. ഡെൽഹിയിൽ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിൽ തുടർ അന്വേഷണം ഡെൽഹിയിലാകും നടക്കുക. അതേസമയം ഇന്നലെ കൊച്ചിയിൽ പിടിയിളായ മൂന്ന് പേർക്ക് പുറമെ മറ്റു രണ്ട് പേരെ കേന്ദ്രീകരിച്ചുകൂടി അന്വേഷണം എൻഐഎ കൊച്ചി യുണിറ്റ് അന്വേഷണം തുടരുന്നുണ്ട്. ഇത് കൂടുതൽ വ്യാപകമാക്കുമെന്നാണ് സൂചന.
കേരളം ഭീകരരുടെ സുരക്ഷിത താവളമാണെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ വേണ്ടത്ര ഗൗരവം നൽകിയിട്ടില്ലെന്നാണ് പുറത്തു വരുന്ന സംഭവങ്ങൾ തെളിയിക്കുന്നത്. സംസ്ഥാന ഇൻ്റലിജൻസ് സംവിധാനങ്ങളുടെ പിടിപ്പുകേടും തീവ്രവാദികൾ പിടിയിലായ സംഭവത്തോടെ പുറത്തായി. തീവ്രവാദം കണ്ടെത്തുന്നതിലും ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിനും രൂപീകരിച്ച തീവ്രവാദ വിരുദ്ധ സ്ക്വാഡ് കാര്യക്ഷമമല്ലെന്ന് ഇതിനകം ആക്ഷേപങ്ങൾ ഉയർന്നു കഴിഞ്ഞു.
സംസ്ഥാനത്ത് ജോലിക്കെത്തുന്ന ഇതര സംസ്ഥാനക്കാരെ നിരീക്ഷിക്കുന്നതിന് സംവിധാനമില്ലാത്തതും ഇവരുടെ ഒഴുക്ക് നിയന്ത്രിക്കാൻ നടപടികളില്ലാത്തതും ഇതിൻ്റെ മറവിൽ തീവ്രവാദികൾക്ക് കേരളത്തിലെത്താൻ സഹായകരമാകുന്നുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. കൊറോണ വ്യാപനസാഹചര്യത്തിൽ പല സംസ്ഥാനങ്ങളിലും ജോലി നഷ്ടമായവരും സംസ്ഥാനത്ത് എത്തുന്നുണ്ട്. കളമശേരിയിൽ പിടിയിലായ അൽഖ്വയ്ദ ഭീകരൻ മുർഷിദ് ഹസൻ രണ്ടു മാസം മുമ്പാണ് ഇവിടെയെത്തിയതെന്നാണ് വിവരം. എൻഐഎയുടെ പിടിയിലാകുന്നതിന് മുമ്പ് ആർക്കും ഇയാളെക്കുറിച്ച് യാതൊരു സംശയവും തോന്നിയില്ലെന്നതും ഗൗരവമാണ്.
അതേസമയം ആലുവാ, പെരുമ്പാവൂർ, ചങ്ങനാശേരിയിലെ പായിപ്പാട് തുടങ്ങിയ സ്ഥലങ്ങളിൽ കൂട്ടത്തോടെ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ പലർക്കും തിരിച്ചറിയൽ രേഖകളില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇവിടങ്ങളിലെ തൊഴിലാളികളുടെ വിശദാംശങ്ങൾ പൂർണമായും അധികൃതർ ശേഖരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഈ പ്രദേശങ്ങളിൽ എത്ര ഇതര സംസ്ഥാന തൊഴിലാളികളുണ്ടെന്ന് ക്യത്യമായ വിവരം ഇപ്പോഴുമില്ല. സമ്പൂർണ ലോക്ഡൗൺ സമയത്ത് നാട്ടിലേക്ക് പോയ തൊഴിലാളികൾ പലയിടങ്ങളിലും തിരികെയെത്തി രഹസ്യമായി ജോലിക്ക് കയറുന്നതായി റിപ്പോർട്ടുകളുണ്ട്.