കൊച്ചി: മൂന്ന് അൽഖ്വയിദാ തീവ്രവാദികളെ കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്ത വിവരം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഔദ്യോഗികമായി സ്ഥിരീകരിച്ചു. പെരുമ്പാവൂരിൽനിന്നാണ് യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈൻ എന്നിവർ പിടിയിലായത്. കളമശേരി പാതാളത്തുനിന്നാണ് മുർഷിദ് ഹസൻ പിടിയിലായത്. അറസ്റ്റിലയവരുടെ ചിത്രങ്ങൾ എൻഐഎ തന്നെയാണ് പുറത്തുവിട്ടത്.
പിടിയിലായ
ഭീകരർ കേരളത്തിൽ നിർമാണ ജോലികൾക്കെന്ന പേരിൽ എത്തി പല സ്ഥലങ്ങളിലായി താമസിച്ചു വരികയായിരുന്നു. തന്ത്ര പ്രധാന സ്ഥാപനങ്ങളിൽ ഉൾപ്പെടെ ഇവർ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നതായി എൻഐഎ വ്യക്തമാക്കി.ഒരു രാത്രി മുഴുവൻ നീണ്ടു നിന്ന അന്വേഷണത്തിന് ഒടുവിലാണ് തീവ്രവാദികളെ തിരിച്ചറിഞ്ഞത്.
കേരളത്തിലും ബംഗാളിലും 12 സ്ഥലങ്ങളിൽ പുലർച്ചെയാണ് റെയ്ഡ് നടന്നത്. എറണാകുളം, പശ്ചിമബംഗാളിലെ മുർഷിദാബാദ് എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ 9 അൽ ഖായിദ ഭീകരരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ പിടിയിലായവരുടെ അറസ്റ്റ് ഡിജിപി ലോക്നാഥ് ബെഹ്റയും സ്ഥിരീകരിച്ചു. എൻഐഎ വിവരങ്ങൾ കൈമാറിയതായും ഡിജിപി അറിയിച്ചു. ആലുവ റൂറൽ എസ് പിയും തീവ്രവാദികളുടെ അറസ്റ്റ് സ്ഥിരീകരിച്ചു.
പിടിയിലായവർ രാജ്യത്ത് പലയിടങ്ങളിലും ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നു. ഡെൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ വൻ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നു. ചിലർ ഡെൽഹിയിലേക്ക് പുറപ്പെടാനിരിക്കെയാണ് പിടിയിലായത്. ആറു പേരെ ബംഗാളിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
തീവ്രവാദികളുടെ ആക്രമണ പദ്ധതി തകർത്തതായും എൻഐഎ വ്യക്തമാക്കി. ഡെൽഹിയിൽ നിന്ന് ആയുധങ്ങളെത്തിക്കാൻ ഇവർ പദ്ധതി ഇട്ടിരുന്നു. ആക്രമണത്തിനായി ധനസമാഹരണം നടത്താൻ സംഘം ഡൽഹിയിലെത്താൻ ശ്രമിച്ചിരുന്നതായും എൻഐഎ വ്യക്തമാക്കി.
സാധാരണക്കാരെ കൊല്ലാൻ സംഘം പദ്ധതിയിട്ടിരുന്നു.
അറസ്റ്റിലായവരിൽ നിന്ന് വലിയ തോതിലുള്ള ഇലക്ടോണിക്സ് ഉപകരണങ്ങളുടെ ശേഖരം പിടിച്ചെടുത്തിട്ടുണ്ട്.
ജിഹാദി ലിറ്ററേച്ചർ, മൂർച്ചയേറിയ ആയുധങ്ങൾ, നാടൻ തോക്കുകൾ എന്നിവയും പിടികൂടിയിട്ടുണ്ട്. രാജ്യവിരുദ്ധ പ്രസംഗങ്ങളുടെയും മറ്റും കോപ്പികൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു.
ആലുവ റൂറൽ പോലീസും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെയും സഹായത്തോടെയാണ് എൻഐഎ തീവ്രവാദികളെ അറസ്റ്റ് ചെയ്തത്. സംഘത്തിലുള്ളവർ തീവ്രവാദികളാണെന്ന് ഉറപ്പിച്ചതോടെ പോലീസ് വീട് വളഞ്ഞാണ് ഇവരെ പിടികൂടിയത്. പ്രത്യാക്രമണ സാധ്യത കണക്കിലെടുത്തായിരുന്നു പോലീസിന്റെ ഈ നീക്കം.
അറസ്റ്റിലായ ഒരാൾ പെരുമ്പാവൂരിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലിചെയ്തുവരികയായിരുന്നു. അറസ്റ്റിലായവർ ആരെയൊക്കെയാണ് ബന്ധപ്പെട്ടത് എന്നുള്ള വിവരം അന്വേഷിച്ചുവരികയാണ്. അന്വേഷണം വ്യാപിപ്പിച്ച എൻഐഎ കൂടുതൽ മേഖലകളിൽ തിരച്ചിലിന് ഒരുങ്ങുകയാണ്.