തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ 160 സാക്ഷികളില്‍ ഒരാള്‍ മാത്രമാണ് താനെന്ന അവകാശവാദവുമായി മന്ത്രി കെടി ജലീല്‍. കേസിലെ ചില പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി തന്നെ വിളിപ്പിച്ചത്. ആ മൊഴികള്‍ ശരിയാണോയെന്ന പരിശോധനയുടെ ഭാഗമായാണ് തന്റെ മൊഴി രേഖപ്പെടുത്തിയതെന്ന് ജലീല്‍ പറഞ്ഞു.
”ദേശീയ അന്വേഷണ ഏജന്‍സി യുഎപിഎ 16,17,18 വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിലാണ് എന്നെ വിളിപ്പിച്ചത്. സാക്ഷി എന്ന നിലയില്‍ മൊഴി രേഖപ്പെടുത്താനായിരുന്നു അത്. എനിക്ക് എന്താണ് ഒളിക്കാനുള്ളത്? എന്തെങ്കിലും മറച്ചുവയ്ക്കാന്‍ ഉണ്ടെങ്കിലല്ലേ പ്രശ്‌നമുള്ളൂ.
പ്രതികളില്‍ ചിലര്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് എന്നെ വിളിപ്പിച്ചത്. ആ മൊഴികളെക്കുറിച്ച് എന്നോടു ചോദിച്ച് ഉറപ്പിക്കുകയാണ് അവര്‍ ചെയ്തത്. അത് അന്വേഷണ ഉദ്യോഗസ്ഥരുടെ ചുമതലയല്ലേ? ഏതാണ്ട് 160 പേരില്‍നിന്നാണ് അവര്‍ ഇത്തരത്തില്‍ മൊഴിയെടുക്കുന്നത്. അതില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. സാക്ഷിമൊഴി രേഖപ്പെടുത്തുക എന്നത് അന്വേഷണത്തില്‍ പ്രധാനമാണ്”- ജലീല്‍ പറഞ്ഞു.