തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത് 50 കോടി മൂല്യമുള്ള നിരോധിച്ച നോട്ടുകള്‍

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത് 50 കോടി രൂപ മൂല്യമുള്ള നിരോധിച്ച നോട്ടുകള്‍. കേന്ദ്രസര്‍ക്കാര്‍ 2016 നവംബര്‍ എട്ടിനാണ് 1000, 500 നോട്ടുകള്‍ നിരോധിച്ചത്.നോട്ടുകള്‍ നിരോധിച്ചെങ്കിലും ഭക്തര്‍ ഇവ കാണിക്കയായി നല്‍കുന്നത് തുടരുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

18 കോടി മൂല്യമുണ്ടായിരുന്ന 1000 രൂപയുടെ 1.8 ലക്ഷം നോട്ടുകളും 31.7 കോടി രൂപയുടെ മൂല്യം വരുമായിരുന്ന 500 രൂപയുടെ 6.34 ലക്ഷം നോട്ടുകളുമാണ് കാണിക്കയായി ക്ഷേത്രത്തിലെത്തിയത്.

പണം റിസര്‍വ് ബാങ്കിലോ മറ്റേതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ നിക്ഷേപിക്കാന്‍ അനുവദിക്കണമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനോട് അഭ്യര്‍ഥിച്ചതായി തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി.) ചെയര്‍മാന്‍ വൈ.വി.സുബ്ബ അറിയിച്ചു. പഴയ നോട്ടുകളുമായി ബന്ധപ്പെട്ട് 2017ല്‍ ടി.ടി.ഡി. കേന്ദ്ര ധനമന്ത്രാലയത്തിനും റിസര്‍വ് ബാങ്കിനും കത്തെഴുതിയിരുന്നുവെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല.